കിളിമാനൂർ: മന്ത്രിയുടെ നിർദേശത്തിനും പുല്ലു വില, ഇനി ആര് പറഞ്ഞാലാണ് ഈ റോഡ് പണി ഒന്നു പൂർത്തിയാക്കുന്നത്. പുതിയകാവ് - തകരപ്പറമ്പ് റോഡിന്റെ പണിയാണ് കരാറുകാരന്റെയും, ചില ഉദ്യോഗസ്ഥരുടെയും ദാർഷ്ട്യവും കെടുകാര്യസ്ഥതയും കാരണം ഒച്ചിഴയുന്ന വേഗത്തിൽ നടക്കുന്നത്. പുതിയകാവ് മുതൽ - തകരപ്പറമ്പ് വരെയുള്ള 5 കിലോമീറ്റർ റോഡാണ് കാൽ നടയാത്രക്കാർക്കും പോലും നടക്കാൻ പറ്റാത്ത വിധത്തിൽ ഒരു വർഷത്തിലേറെയായി പൊളിച്ചിട്ടിരുന്നത്. 2017-ൽ പൊതുമരാമത്ത് മന്ത്രി നിർമ്മാണോദ്ഘാടനം ചെയ്ത് ആറുമാസത്തിനുള്ളിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരു വർഷമായിട്ടും പണിപൂർത്തിയാക്കാത്തതിനെ തുടർന്ന് നാട്ടുകാരും, റസിഡന്റ്സ് അസോസിയേഷനുകളും, വിവിധ രാഷ്ട്രിയ പാർട്ടികളും സമരങ്ങളും പി.ഡബ്ലൂ.ഡി ഓഫീസ് മാർച്ച് ഉൾപ്പെടെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. റോഡിനിരുവശവുമുള്ള വിവിധ സ്കൂളുകളിലെ കുട്ടികളും, താമസക്കാരും ഉൾപ്പെടെ റോഡിലെ രൂക്ഷ പൊടിയെ തുടർന്ന് നിരന്തരം അസുഖബാധിതരാകുന്നതും പതിവാണ്.
ഇതൊക്കെ ചൂണ്ടി കാട്ടി പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് മന്ത്രിയെ കാണുകയും, മന്ത്രി എം.എൽ.എയെയും, പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും 2018 ഡിസംബർ 31ന് മുൻപ് പണി പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തു.
എന്നാൽ റോഡ് പണിയുടെ പ്രാരംഭ ഘട്ടം പോലും പൂർത്തിയാക്കാത്ത സ്ഥിതിയാണിപ്പോൾ ഉള്ളത്. നിലവിലെ കരാറുകാരൻ ഏറ്റെടുത്ത പണി ഒന്നും സമയത്ത് പൂർത്തിയാക്കാത്ത ആളായിട്ടും അയാളെ തന്നെ പണി ഏല്പിച്ചതിൽ അഴിമതിയാണന്ന് നാട്ടുകാർ ആരോപിക്കുന്നു.