പാലോട്: പുതുവത്സരത്തിൽ സൂര്യകാന്തി പൂക്കളുടെ വശ്യതയാണ് നന്ദിയോട് പാലുവള്ളി നിവാസികളുടെ ചർച്ച. പാട്ടകൃഷിയിലൂടെ മികച്ച കർഷകനായി നിരവധി തവണ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പാലുവള്ളിയിലെ മാതൃകാ കർഷകൻ സെൽവന്റെ കൃഷിത്തോട്ടത്തിലേക്ക് സന്ദർശകരുടെ ഒഴുക്കാണിപ്പോൾ. മൂന്നേക്കറിലെ പച്ചക്കറി കൃഷിക്കൊപ്പം ഇരുപത്തഞ്ച് സെന്റിൽ സൂര്യകാന്തി കൃഷി കൂടി ചെയ്ത്, മലയോരത്ത് പുഷ്പകൃഷിയുടെ സാദ്ധ്യത തെളിയിച്ചിരിക്കുകയാണ് സെൽവൻ. വിത്ത് പാകി നാല്പതാം ദിവസം പൂക്കൾ തലയിളക്കി നിൽക്കുന്ന സെൽവന്റെ കൃഷിത്തോട്ടം കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നതാണ്. വിവാഹ ആൽബങ്ങൾ ഒരുക്കാൻ വീഡിയോ കാമറമാന്മാരുടെ ഇഷ്ട ലൊക്കേഷനായും ഈ സൂര്യകാന്തി തോട്ടം മാറിക്കഴിഞ്ഞു. ഇവിടത്തെ പൂക്കളിൽ നിന്ന് എണ്ണ എടുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുതല ഭക്ഷ്യസുരക്ഷ (എഫ്.എസ്.എഫ്) കോ-ഓർഡിനേറ്റർമാരായ ശ്യാം ചൂടലും ബി.എസ്. ശ്രീജിത്തും. ഒരു കിലോ എണ്ണയ്ക്ക് ആറ് കിലോ പൂവ് വേണമെന്ന് ശ്രീജിത്ത് പറയുന്നു. പൂവ് വ്യാപകമായി കൃഷി ചെയ്‌താൽ കർഷകർക്ക് മികച്ച വരുമാനം കണ്ടെത്താനാവുമെന്നാണ് നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറിന്റെ വിലയിരുത്തൽ. ''ഗ്രാമാമൃതം'' ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രചരണാർഥം കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ടീം നല്കിയ സൂര്യകാന്തി വിത്തുകളാണ് സെൽവൻ പരീക്ഷിച്ചത്. കോയമ്പത്തൂർ സർവകലാശാലയിൽ നിന്നാണ് വിത്ത് വാങ്ങുന്നത്. ആവശ്യക്കാർക്ക് വിത്ത് വിതരണം ചെയ്യാൻ ഭക്ഷ്യസുരക്ഷാ ടീം തീരുമാനിച്ചിട്ടുണ്ട്. ചോളവും ബജ്റയും ഉൾപ്പടെ കൃഷി ചെയ്ത് മില്ലറ്റ് ഫാമിംഗിൽ മാതൃക സൃഷ്ടിച്ച കർഷകനാണ് സെൽവൻ. മരിച്ചീനി, കോവൽ, പടവലം, പാവൽ, പയർ എന്നിവയുടെ നാടൻ കൃഷി രീതികളിലും സെൽവൻ കഴിവുതെളിയിച്ചിട്ടുണ്ട്. സൂര്യകാന്തി കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ളവർക്ക് 9495200255 എന്ന നമ്പരിൽ കൃഷി ഓഫീസറെ ബന്ധപ്പെടാം.