vanitha-mathil
മ്യൂസിയത്തിന് സമീപം സി.കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ നൂറ് ദിവസം പ്രായമായ മകൾ ഹഫയുമായി വനിതാമതിലിൽ അണിചേരാനെത്തിയ ഫാത്തിമ.

തിരുവനന്തപുരം: ചുവന്ന ഫ്രോക്കും ബോയും വച്ച് ഉമ്മയുടെ ഒക്കത്തിരുന്ന പെൺകുരുന്നിനെ കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. ആരാ ഇത്? 100 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ്. പേര് ഹഫ. വനിതാമതിലിനെത്തിയവർ ചുറ്റും കൂടി. കുഞ്ഞിളം കണ്ണുകൾ മിന്നിച്ച് ഹഫയും മതിലിൽ പങ്കാളിയായി.

എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന വഴുതക്കാട് ഫോറസ്റ്റ് ലെയ്നിൽ ഷബീറിന്റെ മകൾ ഫാത്തിമയാണ് കൈക്കുഞ്ഞുമായി വനിതാമതിലിനെത്തിയത്. മ്യൂസിയത്തിനുസമീപം സി. കേശവന്റെ പ്രതിമയ്ക്കു മുന്നിൽ ഫാത്തിമയും കുഞ്ഞും അണിചേർന്നു. നാല് മണിക്ക് പ്രതിജ്ഞ ചൊല്ലിയപ്പോൾ ഫാത്തിമ, മകളുടെ കാതുകളിലേക്ക് അത് പതുക്കെ ഏറ്റുചൊല്ലി.

തിരുവനന്തപുരം ഗവ. വനിതാകോളേജിൽ പഠിച്ചിരുന്ന ഫാത്തിമ നാല് വർഷം മുമ്പ് അവിടെ ചെയർപേഴ്സണായിരുന്നു. വിവാഹം കഴിഞ്ഞ് ബഹറിനിലെത്തിയെങ്കിലും ചുവപ്പിന്റെ രാഷ്ട്രീയം മാഞ്ഞുപോയില്ല. പ്രസവത്തിനായാണ് നാട്ടിലെത്തിയത്. അടുത്തമാസം മടങ്ങാനിരിക്കെയാണ് ചരിത്രമതിലിന്റെ ഭാഗമാകാൻ കൈക്കുഞ്ഞുമായെത്തിയത്. ബഹറിനിലെ ഇസ്ലാമിക് ബാങ്കിലെ ഐ.ടി വിഭാഗം മേധാവിയായ ഭർത്താവ് ഹക്കിം മുഹമ്മദിനും ഇടതുപക്ഷ മനസുതന്നെ. മകൾക്ക് ഇടതുപക്ഷ ആദർശങ്ങൾ പകർന്നുകൊടുക്കാനാണ് ഇരുവർക്കും ഇഷ്ടം. ഫാത്തിമയുടെ ഉമ്മ നിജുമയും സഹോദരി ഖദീജയും മതിലിൽ അണിചേർന്നു. തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ എസ്.എഫ്.ഐ ഭാരവാഹിയാണ് ഖദീജ.