കാട്ടാക്കട: പുതുവർഷത്തിൽ വീടില്ലാത്തവർക്ക് സ്നേഹ വീടൊരുക്കി പുനലാൽ ഡെയിൽവ്യൂ മാതൃകയായി. 40ാം വാർഷികത്തിന്റെ ഭാഗമായി അഞ്ചുപേർക്ക് ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തുദാസ് വീട്‌വെച്ച് നല്കുന്നത്. കഴിഞ്ഞ 22 വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ സഹദേവനും ഏഴ് അംഗങ്ങളുള്ള കുടുംബവും ടാർപൊളിൻ കൊണ്ട് മറച്ച കുടിലിലായിരുന്നു താമസം. കൂടാതെ കോട്ടൂരിൽ പാലത്തിൽ നിന്നും വീണ് നട്ടെല്ലുപൊട്ടി കിടപ്പിലായ പ്രവീണിനും ഉറിയാക്കോട് നെടുമാനൂരിൽ മഞ്ചുവിനും പന്നിയോട് കുളവുപാറയിൽ അരയ്ക്ക് താഴെ തളർന്നുകിടന്ന നയനയ്ക്കുമാണ് വീടെന്ന സ്വപ്നം സഫലമായത്.
തിരുവനന്തപുരം സ്വദേശി പി.സി. ചെറിയാന്റെ സഹകരണത്തോടെ രണ്ട് വീട് ഉൾപ്പടെ ടെയിൽ വ്യൂ നിർമ്മിച്ചത് 5 വീടുകളാണ്. ഡെയിൽവ്യൂവിന്റെ സമ്മാനമായി വീട്ടിലേയ്ക്ക് ഫർണ്ണിച്ചറുകളും പുതുവത്സരക്കിറ്റുകളും വസ്ത്രങ്ങളും സമ്മാനമായി നല്കി. വീടിന്റെ താക്കോൽ ദാനചടങ്ങ് കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തു ദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.സി. ചെറിയാൻ നയനയുടെ വീടിന്റെ താക്കോൽ ദാനം നടത്തി. കുളവുപാറ ആർ.സി.ചർച്ച് വികാരി ഫാ. ഡെന്നീസ് മന്നൂർ, വാർഡ് മെമ്പർ ലാൽശ്രീ പ്രസന്ന, സാമൂഹ്യ പ്രവർത്തകൻ ബാലചന്ദ്രമേനോൻ തുടങ്ങിയവർ പങ്കെടുത്തു.