women-wall

തിരുവനന്തപുരം: ആധുനിക കേരളത്തെ സാമൂഹ്യ നവോത്ഥാനത്തിന്റെ പുതിയൊരു പ്രഭാതത്തിലേക്ക് ഉണർത്തിക്കൊണ്ട് അണിനിരന്ന അൻപത്തിയഞ്ച് ലക്ഷത്തോളം സ്ത്രീകളുടെ സംഘശക്തി ചരിത്രം സൃഷ്‌ടിച്ച ഒരു വൻമതിലായി ഈ നാടിനെ ഒന്നായി ചേർത്തു നിറുത്തി.

ദേശീയപാതയിൽ കാസർകോട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി സ്‌ക്വയർവരെ നീണ്ട വനിതാമതിൽ ജാതിമത ഭേദങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും ആചാര - വിശ്വാസ പ്രമാണങ്ങൾക്കും അതീതമായ സ്ത്രീശക്തിയുടെ മഹാപ്രവാഹമായി. 620 കിലോമീറ്റർ നീണ്ട ആ ശക്തിപ്രകടനം പലേടത്തും രണ്ടും മൂന്നും മതിലുകളായി രൂപാന്തരപ്പെട്ടു. വനിതാ മതിലിന് അഭിവാദ്യമർപ്പിക്കാൻ ദേശീയപാതയുടെ മറുവശത്തായി പുരുഷന്മാരും അണിനിരന്നു.

നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കുക, കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്നീ ആഹ്വാനങ്ങൾ മുഴക്കി, സംസ്ഥാന സർക്കാരിന്റെയും ഇടതുപക്ഷ സംഘടനകളുടെയും പിന്തുണയോടെ നവോത്ഥാനമൂല്യ സംരക്ഷണസമിതി സംഘടിപ്പിച്ച വനിതാമതിൽ സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെയാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വനിതാ വ്യക്തിത്വങ്ങളും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമടക്കം എല്ലാ ജില്ലകളിലും മതിലിന്റെ ഭാഗമായി. അരക്കോടിയിലേറെ വനിതകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

കാസർകോട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മതിലിന് തുടക്കം കുറിച്ച് ആദ്യകണ്ണിയായപ്പോൾ തിരുവനന്തപുരത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജയും അവസാനകണ്ണികളായി. തലസ്ഥാനത്ത് ക്യൂബയിൽ നിന്നെത്തിയ മിഷേലും കണ്ണിയായി.

ഒരു മാസത്തെ തയ്യാറെടുപ്പിനിടെ ഒട്ടേറെ വിവാദങ്ങളിലൂടെയാണ് വനിതാമതിൽ ഇന്നലെ യാഥാർത്ഥ്യമായത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ തന്നെ വനിതകളുമായി ദേശീയപാതയ്‌ക്കരികിലേക്ക് സംഘാടകരെത്തി. മൂന്ന് മണി മുതൽ വനിതകൾ മതിലിൽ അണിചേർന്നുതുടങ്ങി. 3.50ന് റിഹേഴ്സൽ. നാല് മണിക്ക് വനിതാമതിൽ രൂപപ്പെട്ടു.

തിരുവനന്തപുരത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലെ പ്രധാന വേദിയിൽ ഡോ. ടി.എൻ. സീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ച് മിനിട്ടിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു.

രാജ്യമൊട്ടാകെയുള്ള സ്ത്രീകൾക്കുള്ള വലിയ സന്ദേശമാണ് വനിതാമതിലെന്നും ഇരുട്ടിന്റെ ശക്തികളെ ഇത് പിന്നിലേക്ക് തള്ളിമാറ്റുമെന്നും വൃന്ദ പറഞ്ഞു. കെ.പി.എം.എസ് പ്രസിഡന്റ് ലൈല ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആനിരാജ, നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം വനിതാവിഭാഗം കേന്ദ്രസമിതി അംഗം ഗീതാ മധു, സംവിധായിക വിധു വിൻസന്റ്, ഭാഗ്യലക്ഷ്മി, ധന്യ രാമൻ എന്നിവരും സംസാരിച്ചു.

ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയനും വനിതാനേതാക്കളും പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രിയും വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുന്നല ശ്രീകുമാറും കുടുംബസമേതം എത്തി. മന്ത്രിമാരുടെയടക്കം കുടുംബാംഗങ്ങളും എത്തി. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, സി. ദിവാകരൻ എം.എൽ.എ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, കെ. പ്രകാശ്ബാബു, കേരള ദളിത് ഫെഡറേഷൻ പ്രസിഡന്റ് പി. രാമഭദ്രൻ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത് തുടങ്ങിയവർ പങ്കെടുത്തു.