kummanam

ശിവഗിരി:ശ്രീനാരായണ ഗുരുദർശനത്തിൽ ഊന്നിയുള്ള മുന്നേറ്റമാണ് സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.കേരളത്തിന്റെ നവോത്ഥാനം എന്തെന്നറിയണമെങ്കിൽ ശ്രീനാരായണഗുരുവിനെ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

ഭക്തികൊണ്ടാണ് ഗുരു ശക്തിയുണ്ടാക്കിയത്. സമൂഹത്തിന് ആവശ്യം ഒരുമയാണെന്ന് തിരിച്ചറിഞ്ഞ് ജനഹൃദയങ്ങളെ കോർത്തിണക്കി.ഭിന്നതകളും വിദ്വേഷങ്ങളും നിലനിൽക്കുമ്പോഴും എല്ലാവരെയും കോർത്തിണക്കുന്ന പട്ടുനൂൽചരട് പൊട്ടാതിരിക്കാനാണ് ഗുരു യത്നിച്ചത്.അതോടെ വിശ്വാസദാർഢ്യം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇപ്പോൾ നമുക്ക് വേണ്ടത് നവകേരളമല്ല,മറിച്ച് വിശ്വാസ കേരളമാണ്.

ശിവഗിരി തീർത്ഥാടനത്തിൽ യഥാർത്ഥത്തിൽ നടത്തുന്നത് ദർശനമാണ്.ഗുരുദേവൻ ദർശനമായിരുന്നു, ചിന്തകനായിരുന്നില്ല.തത്വചിന്തകർ മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ ദർശനം ഉള്ളിൽ സംഭവിക്കുന്നതാണ്. ദർശനത്താൽ ഹൃദയമാണ് വികസിക്കുന്നത്. അത് സങ്കുചിതമായാൽ സ്വാർത്ഥതയാവും.സമൂഹഹൃദയം സങ്കുചിതമാവാതിരിക്കാൻ വിശ്വാസങ്ങളെയാണ് ഗുരു മുറുകെ പിടിച്ചത്. ക്ഷേത്രങ്ങൾ സ്ഥാപിച്ച് പ്രതിഷ്ഠകൾ നടത്തി. അവയ്ക്കായി പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ നിർദ്ദേശിച്ചു.ആദ്ധ്യാത്മികതയുടെ മരിക്കാത്ത ചിന്തകളാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.

സമൂഹത്തിന് പ്രചോദനം നൽകുന്ന ഉജ്വല സ്രോതസാണ് ഗുരുദർശനം. ശിവഗിരി തീർത്ഥയാത്ര ഉൾക്കാഴ്ച നൽകുന്നതാണ്. അത് ഉള്ളിൽ വിസ്ഫോടനമാകുമ്പോൾ മനസിലെ ഇടുങ്ങിയ ചിന്തകൾ ഭസ്മമാവും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു.

തീർത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് സ്വാഗതവും തീർത്ഥാടന കമ്മിറ്രി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.