തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കുന്ന ബി.ജെ.പിക്കും കോൺഗ്രസിനും മതവിശ്വാസ സംരക്ഷണവും ആചാര സംരക്ഷണവുമല്ല, പ്രശ്നം രാഷ്ട്രീയം മാത്രമാണെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പറഞ്ഞു.
രാവിലെ ആർ.എസ്.എസും വൈകിട്ട് മുസ്ളീം ലീഗുമായി മാറുന്ന കോൺഗ്രസ് ലക്കുകെട്ട തോണി പോലെയാണ്. തങ്ങൾക്ക് ഭാവിയില്ലെന്ന് അവർ തന്നെ തെളിയിച്ചുവെന്നും വനിതാമതിലിന് ശേഷം വെള്ളയമ്പലത്ത് നടന്ന പൊതുയോഗത്തിൽ വൃന്ദ പറഞ്ഞു.കേരളത്തിലെ സ്ത്രീകൾ ശബരിമലയിലെ അയ്യപ്പനെ പല രീതിയിൽ ആരാധിക്കുന്നു. അവരുടെ സങ്കൽപങ്ങളെയും നിഷേധിക്കുന്നില്ല. അതേസമയം ആ ഭഗവാനെ കാണാൻ മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് മനസിലാക്കണം. അവരെ തടയാൻ ശ്രമിക്കുന്ന ആർ.എസ്. എസ്. മനുസ്‌മൃതിയിലെ യാഥാസ്ഥിതിക സാമൂഹ്യവ്യവസ്ഥയുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തിന് നിങ്ങളെ ഉപയോഗിക്കുകയാണെന്ന സത്യം മനസിലാക്കണം.അവർക്ക് ആചാരസംരക്ഷണമല്ല.സ്ത്രീവിരുദ്ധ രാഷ്ട്രീയ താൽപര്യങ്ങളാണുള്ളത്.ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതിവിധിയെ സംസ്ഥാനത്തെ സ്ത്രീകളെ വിഘടിപ്പിക്കാനുള്ള അവസരമായാണ് സംഘപരിവാർ ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായിവിജയനെ അഭിനന്ദിക്കുന്നു. സ്ത്രീകളെ രണ്ടാംകിട പൗരൻമാരായും വെറും സ്വകാര്യസ്വത്തായും കണ്ടിരുന്ന ഇരുണ്ടകാലഘട്ടത്തിൽ പോലും സ്ത്രീകൾ അതിനെതിരെ പോരാടിയിരുന്നു. ഇരുന്നൂറ് കൊല്ലങ്ങൾക്ക് മുമ്പ് ആലപ്പുഴയിലെ നങ്ങേലി മുലമുറിച്ച് പ്രതിഷേധിച്ച ധീരനടപടിയുണ്ടായി. അയ്യൻങ്കാളിയും ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും മുസ്ളീം ക്രിസ്ത്യൻ സാമൂഹ്യപരിഷ്ക്കർത്താക്കളും നടത്തിയ ധീരമായ നടപടികളെ ഇൗ ചരിത്രനിമിഷത്തിൽ ആദരിക്കുന്നു. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ രാജ്യത്ത് മാനവികപുരോഗതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി മാറ്റിയത് ഇൗ നായകരാണ്. ഭരണഘടനയിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകിയിട്ടുണ്ടെങ്കിലും സ്ത്രീകൾക്കെതിരായ അക്രമം ഇന്നും യാഥാർത്ഥ്യമാണ്. ഇതിനെതിരെ കേരളത്തിൽ തീർത്ത വനിതാമതിൽ രാജ്യത്തിന് തന്നെ മാതൃകയാണ് വൃന്ദകാരാട്ട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായിവിജയൻ,വി. എസ്. അച്യുതാനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കെ.പി.എം.എസ്. പ്രസിഡന്റ് ലൈല ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നവോത്ഥാനമൂല്യസംരക്ഷണസമിതി ജനറൽകൺവീനറും കെ.പി.എം.എസ്.ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ,സി.പി.ഐ.ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ, സിനിമാപ്രവർത്തക ഭാഗ്യലക്ഷ്മി,എസ്.എൻ.ഡി.പി. വനിതാസംഘം നേതാവ് ഗീതാമധു, ധന്യരാമൻ,സംവിധായിക വിധുവിൻസന്റ് തുടങ്ങിയവർ സംസാരിച്ചു. ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. പുഷ്പലത സ്വാഗതവും നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ നന്ദിയും പറഞ്ഞു.