തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ ഉയർത്തി സർക്കാർ സംഘടിപ്പിച്ച വനിതാ മതിൽ തലസ്ഥാന ജില്ലയിൽ സ്ത്രീകളുടെ വൻപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൈക്കുഞ്ഞുങ്ങളുമായി യുവതികളും, പ്രായം മറന്ന് വയോജനങ്ങളും ഒരുപോലെ മതിലിന്റെ ഭാഗമായി. പ്രായഭേദമെന്യേ സ്ത്രീകൾ നിരന്നപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ വിദേശികൾക്കും കൗതുകമായി. പലയിടങ്ങളിലും ഒന്നിലേറെ നിരകളായിരുന്നു. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, വിവിധ മഹിളാ സംഘടനാ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാ വർക്കർമാർ, ടെക്‌നോപാർക്ക് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ മതിലിൽ പങ്കാളികളായി.

ജില്ലയുടെ തുടക്ക കേന്ദ്രമായ കടമ്പാട്ടുകോണത്ത് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് മതിലിന്റെ ആദ്യകണ്ണിയായി. വെള്ളയമ്പലത്ത് അവസാനകണ്ണിയായത് സി.പി.എം ദേശീയ നേതാവ് വൃന്ദാ കാരാട്ട്. സി.പി.ഐ നേതാവ് ആനി രാജ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഭാര്യ ടി.എം. സരസ്വതി, ടി.എൻ. സീമ, ഭരണപരിഷ്‌കാര കമ്മിഷൻ മെമ്പർ സെക്രട്ടറി ഷീലാ തോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കളക്ടർ കെ. വാസുകി, വനിത കമ്മിഷൻ അംഗങ്ങളായ ഷാഹിദ കമാൽ, ഇ.എം. രാധ, യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം, പി.എസ്. വിമല, പി.കെ. ആനന്ദി, നീന പ്രസാദ്, പാർവതി, ഡോ. രാധിക സി. നായർ, സുജ സൂസൻ ജോർജ്ജ്, മൃദുൽ ഈപ്പൻ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ഡോ. എം. അനുജ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി അംഗം ഗീതാ മധു എന്നിവരും ഉദ്യോഗസ്ഥരും അണിനിരന്നു. വെള്ളയമ്പലത്ത് ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മതിലിന്റെ ഭാഗമായി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അണിനിരന്നത് സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. സെക്രട്ടേറിയറ്റ്, സർവകലാശാല, വികാസ്ഭവൻ, പബ്ലിക് ഓഫീസ് തുടങ്ങിയവയിൽ നിന്നുള്ള ജീവനക്കാരാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അണിനിരന്നത്. അര കിലോമീറ്ററിനിടയിൽ ചെറിയ വേദികളും ഉച്ചഭാഷിണികളും ഒരുക്കിയിരുന്നു. പ്രതിജ്ഞ ചൊല്ലാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോഡിന്റെ ഇടതുഭാഗത്ത് യാതൊരു ഗതാഗത തടസവുമുണ്ടാക്കാതെയാണ് മതിൽ തീർത്തതെന്നത് ശ്രദ്ധേയമായിരുന്നു.

 ആവേശം ചോരാതെ പതിനായിരങ്ങൾ

നഗരത്തിനകത്തും പുറത്തും പതിനായിരങ്ങളാണ് വനിതാ മതിലിന് ഭാഗമായത്. കേശവദാസപുരം, ഉള്ളൂർ മേഖലകളിൽ പതിനായിരങ്ങളാണ് നിരന്നത്. കേശവദാസപുരം ജംഗ്ഷനിൽ ബി. ഇന്ദിരാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. മുട്ടട വാർഡ് കൗൺസിലർ ആർ. ഗീതാ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ജെ. ചന്ദ്രിക ഉൾപ്പെടെയുള്ളവർ പങ്കാളിയായി. ഉള്ളൂരിൽ നടന്ന പൊതുസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായ എം.ജി. മീനാംബിക ഉദഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ സംഘം നേതാവുമായ കെ. ദേവകി അദ്ധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ വൈസ് ചെയർപേഴ്സൺ സോനാ റാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വർക്കല മണ്ഡലത്തിൽ 20,000 സ്ത്രീകളാണ് വനിതാ മതിലിൽ അണിനിരന്നത്. കടമ്പാട്ടുകോണം മുതൽ തട്ടുപാലം വരെ വർക്കല മണ്ഡലത്തിൽ നിന്നുള്ളവർ അണിനിരന്നു. 28-ാം കല്ലിൽ വർക്കല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസും കടമ്പാട്ടുകോണത്ത് ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. സുമംഗലയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറ്റിങ്ങൽ മേഖലയിൽ ചിറയിൻകീഴ് മുൻ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഒ.എസ്. അംബിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോരാണി മുതൽ ചെമ്പകമംഗലം വരെ കോവളം മണ്ഡലത്തിൽ നിന്നുള്ളവർ അണിനിരന്നു. ചെമ്പകമംഗലം മുതൽ മംഗലപുരം വരെ നേമം മണ്ഡലത്തിൽ നിന്നുള്ള 8,000 സ്ത്രീകൾ മതിൽ തീർത്തു. മംഗലപുരം കുറക്കോട് ഭാഗത്ത് മതിലിൽ പങ്കെടുക്കേണ്ടവരുടെ വാഹനങ്ങൾ എത്താൻ വൈകിയത് മതിലിൽ കുറച്ച് ഭാഗത്ത് വിള്ളലുണ്ടാക്കി. ആനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഹസീന, ജനാധിപത്യ മഹിളാ അസോസിയേഷൻ മണ്ഡലം സെക്രട്ടറി ചന്ദ്രിക രഘു, ആദിവാസി ക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ചിത്രകുമാരി തുടങ്ങിയവർ പങ്കെടുത്തു.പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷൻ മുതൽ വെട്ടുറോഡ് വരെ പതിനായിരത്തോളം വനിതകൾ ഭാഗമായി. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയും ജില്ലാ മഹിളാ അസോസിയേഷൻ പ്രസിഡന്റ് സബിത ഷൗക്കത്തലിയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പിന്തുണയുമായി പുരുഷൻമാരും

വനിതാ മതിലിൽ നിരന്നത് സ്ത്രീകളാണെങ്കിലും പിന്തുണയുമായി പുരുഷൻമാരും ഒപ്പമുണ്ടായിരുന്നു. സംഘാടനത്തിലും ഇവരുടെ പങ്ക് ശ്രദ്ധേയമായിരുന്നു. സംഘാടനത്തിന് നേതൃത്വം നൽകിയ പുരുഷൻമാരുടെ മതിൽ റോഡിന്റെ മറുഭാഗത്തുമുണ്ടായി. ഇവരും പ്രതിജ്ഞ ചൊല്ലാൻ ഒപ്പം കൂടി. എ. സമ്പത്ത് എം.പി, എം.എൽ.എമാരായ വി. ജോയി, ബി. സത്യൻ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ എന്നിവരും മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബാലുകിരിയത്ത്, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, മതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ എന്നിവരും വിവിധ സ്ഥലങ്ങളിൽ മതിലിന്റെ ഒരുക്കങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു.