prathy

തിരുവനന്തപുരം: കരമന സ്വദേശിയായ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പണം അപഹരിച്ചശേഷം ആറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.ആലപ്പുഴ സ്വദേശിയും പുഞ്ചക്കരിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന പ്രവീൺ (36)​,​ രണ്ടാം ഭാര്യ മഞ്ജു, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിൽ വീണ വീട്ടമ്മ രണ്ടു മണിക്കൂർ പാലത്തിന്റെ തൂണിൽ പിടിച്ചു കിടക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് :കരമനയിൽ ഭർത്താവുമൊത്ത് താമസിക്കുന്ന അൻപത്തിനാലുകാരിയുമായി പരിചയത്തിലായ പ്രവീൺ, അവിവാഹിതനാണെന്ന് നടിച്ച് വിവാഹ വാഗ്ദാനം നൽകി. വീട്ടമ്മയുടെ പേരിലുള്ള വസ്തു വിറ്റ് ഒന്നേമുക്കാൽ ലക്ഷം രൂപയുമായി ഇറങ്ങിവരാൻ ആവശ്യപ്പെട്ടതുസരിച്ച് 28ന് കാശുമായി എത്തിയ വീട്ടമ്മയെ മാന്നാറിൽ വീടെടുത്ത് താമസിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി.ട്രെയിൻ യാത്രയിൽ ഒപ്പം വന്ന ഭാര്യയെയും മകനെയും സഹോദരിയും അവരുടെ മകനുമാണെന്ന് പരിചയപ്പെടുത്തി.

മാവേലിക്കരയിൽ ഇറങ്ങിയശേഷം പ്രതികൾ പണം ആവശ്യപ്പെട്ടെങ്കിലും വീട്ടമ്മ നൽകിയില്ല. രാത്രി 11ഓടെ മാന്നാർ അച്ഛൻകോവിൽ പാലത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇവരുമായി എത്തിയ പ്രവീൺ വീട്ടമ്മയെ പാലത്തിന്റെ കൈവരിയിൽ ഇരുത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. തുടർന്ന് മഞ്ജുവും മകനുംചേർന്ന് വീട്ടമ്മയെ 30 അടിയോളം താഴ്ചയുള്ള ആറിലേക്ക് തള്ളിയിടുകയായിരുന്നു.വീട്ടമ്മ മരിച്ചെന്ന് കരുതി മൂവരും സ്ഥലം വിട്ടു.

നീന്തൽ വശമുണ്ടായിരുന്ന വീട്ടമ്മ പാലത്തിന്റെ തൂണിൽ പിടിച്ച് കിടന്ന് നിലവിളിച്ചു.ഏകദേശം 2 മണിക്കൂർ കഴിഞ്ഞ് നിലവിളി കേട്ടെത്തിയ സമീപവാസിയായ യുവാവാണ് ആളെ വിളിച്ചുകൂട്ടി രക്ഷപെടുത്തിയത്. പൊലീസെത്തി മാവേലിക്കര ആശുപത്രിയിലെത്തിച്ചു. തുടർന്ന് കരമന പൊലീസിൽ പരാതി നൽകി.

കരമന എസ്.ഐ ആർ.എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസ് മാന്നാറിലെത്തി തെളിവെടുത്തശേഷം തിരുവല്ലം ഭാഗത്തുനിന്ന് പ്രതികളെ അറസ്റ്ര് ചെയ്യുകയായിരുന്നു.ഒന്നേകാൽ ലക്ഷത്തോളം രൂപയും പരാതിക്കാരിയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

കഞ്ചാവുകേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പ്രവീൺ. ആദ്യ ഭാര്യ മൂന്നുവർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫോർട്ട് അസിസ്റ്രന്റ് കമ്മിഷണർ ദിനിലിന്റെ മേൽനോട്ടത്തിൽ കരമന എസ്.ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ അഡി.എസ്.ഐ വിമൽ, എ.എസ്.ഐ വിനോദ് കുമാർ, എസ്.സി.പി.ഒ സജികുമാർ, സി.പി.ഒ പ്രിയൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.