-women-wall

തിരുവനന്തപുരം: കാസർകോട് നിന്നു തുടങ്ങിയ വനിതാ മതിലിന്റെ അവസാനത്തെ 43.5 കിലോ മീറ്റർ ദൂരം തലസ്ഥാന ജില്ലയിലെ വനിതകൾ വൻമതിലൊരുക്കി. ജാതി, മത, കക്ഷി ഭേദമില്ലാതെ വനിതകൾ തോളോടു ചേർന്നപ്പോൾ അതൊരാരു സ്‌നേഹ മതിലായി.

ചരിത്ര നിമിഷങ്ങൾക്കു സാക്ഷ്യംവഹിക്കാൻ വിദേശ സഞ്ചാരികളടക്കം നിരവധി പേർ ദേശീയപാതയോരത്ത് എത്തിയിരുന്നു. ജില്ലയിലുടെ വക്കേ അറ്റമായ കടമ്പാട്ടുകോണത്തു തുടങ്ങി വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമവരെ റോഡിന് പടിഞ്ഞാറു വശം ചേർന്ന് മൂന്നു ലക്ഷത്തോളം വനിതകളാണ് വനിതാ മതിലിനായി അണിനിരന്നത്. കൃത്യ സമയത്തുതന്നെ നിശ്ചിത കേന്ദ്രങ്ങളിലെത്തിയ വനിതകൾ മൂന്നു മണിയോടെ പാതയോരത്ത് അണിനിരന്നു. പിന്തുണയുമായെത്തിയ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടക്കമുള്ള പുരുഷന്മാർ പാതയുടെ മറുവശത്ത് സമാന്തര മതിൽ തീർത്തു.

മതിൽ അവസാനിച്ച വെള്ളയമ്പലത്ത് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കാനെത്തിയിരുന്നു. സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം.പി. വൃന്ദ കാരാട്ട് വെള്ളയമ്പലത്ത് വനിതാ മതിലിന്റെ അവസാന കണ്ണിയായി. ആനി രാജ, ജമീല പ്രകാശം, ലൈല ചന്ദ്രൻ, ഗീതാ മധു, ഡോ. ടി.എൻ. സീമ, സുജ സൂസൻ ജോർജ്, മൃദുൽ ഈപ്പൻ, ബീന പോൾ, ഭാഗ്യലക്ഷ്മി, ധന്യ രാമൻ, വിധു വിൻസന്റ് തുടങ്ങി രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ വനിതാ മതിലിൽ പങ്കെടുക്കാൻ വെള്ളയമ്പലത്ത് എത്തി. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഭരണ പരിഷ്‌കാര കമ്മിഷൻ അംഗം ഷീല തോമസ് തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിനിതാ മതിലിൽ പങ്കെടുക്കാൻ വെള്ളയമ്പലത്ത് എത്തിയിരുന്നു.