ksrtc

തിരുവനന്തപുരം: താത്കാലിക കണ്ടക്ടർമാരെ ഒഴിവാക്കിയതോടെ ബസ് സർവീസുകൾ മുടങ്ങിയിട്ടും കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം അരക്കോടിയിലേറെ വർദ്ധിച്ചു.

ഷെഡ്യൂൾ പുനക്രമീകരണത്തിലൂടെയാണ് 56.63 ലക്ഷം രൂപ കൂടുതൽ കിട്ടിയത്. ഡീസൽ ചെലവിൽ 37.61 ലക്ഷം കുറഞ്ഞു. ടയർ സ്‌പെയർപാർട്സ് ഇനത്തിൽ 5.76 ലക്ഷവും ശമ്പളത്തിൽ 13.26 ലക്ഷം രൂപയും ലാഭിച്ചു. പ്രതിദിനം രണ്ടുലക്ഷം കിലോമീറ്റർ സർവീസ് കുറച്ചിട്ടും വരുമാനം കൂടുകയായിരുന്നു.

താത്കാലികക്കാരെ ഒഴിവാക്കുന്നതിന് മുമ്പ് 5100 ഷെഡ്യൂളുകളിൽ ശരാശരി 600 എണ്ണം മുടങ്ങിയിരുന്നു. പിരിച്ചുവിടലിനുശേഷം അത് 900 ആയി. പുതിയ ക്രമീകരണങ്ങളിലൂടെ 7.95 കോടിരൂപ ഡിസംബർ 31 ന് ലഭിച്ചു. 2018ലെ ഏറ്റവും ഉയർന്ന ദിവസവരുമാനമാണിത്. യാത്രക്കാർക്ക് ആവശ്യമായ സമയത്ത് ബസ് ഓടിക്കുന്നതാണ് വരുമാനം കൂടാൻ കാരണമെന്ന് കരുതുന്നു.
ശരാശരി 3.5 കോടി രൂപയുടെ ഡീസൽ വേണ്ടിയിരുന്നിടത്ത് 31ന് 2.36 കോടി രൂപയുടെ ഡീസൽ മാത്രമാണ് ചെലവായത്. ശബരിമല ബസുകൾക്ക് ഉൾപ്പെടെയാണ് ഇത്രയും ഇന്ധനമായത്.