ആറ്റിങ്ങൽ: യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം ഈസ്റ്റ് ആശ്രാമം ലക്ഷ്മണനഗർ ശോഭനമന്ദിരത്തിൽ പി. വിഷ്ണു (മൊട്ട - 28), ആറ്റിങ്ങൽ വെള്ളൂർക്കോണം ആഞ്ജനേയം വീട്ടിൽ പി. ആദർശ് (പപ്പു-25), കിഴുവിലം കാട്ടുംപുറം ഉത്രാടം നിവാസിൽ വി. അജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
ഞായറാഴ്ച രാത്രി 10നാണ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയും സൈനികനുമായ അരുൺ, സുഹൃത്ത് മിഥുൻ എന്നിവർക്കാണ് കുത്തേറ്റത്. അരുണും മിഥുനും മറ്റൊരു സുഹൃത്തായ വിവേകുമൊത്ത് കടയിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ കാറിൽ ഇവിടെയെത്തിയ ആദർശും അജിത്തും സിഗരറ്റ് കത്തിക്കാൻ തീ ആവശ്യപ്പെട്ടു. എന്നാൽ ഇല്ലെന്ന് പറഞ്ഞതോടെ ആദർശും അജിത്തും പ്രകോപിതരായി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് കാറിലുണ്ടായിരുന്ന വിഷ്ണു അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു.
രക്ഷപ്പെട്ട പ്രതികൾ പാറക്കടവിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എസ്.എച്ച്.ഒ ഒ.എ. സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐ തൻസീം അബ്ദുൽ സമദ്, സലീം, എസ്.സി.പി.ഒമാരായ ജയൻ, ഉദയകുമാർ, സി.പി.ഒമാരായ ജ്യോതിഷ്, ദിനോർ, പ്രജീഷ്, റിഷാദ്, വിനീഷ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇവരെ മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു.
വിഷ്ണു കൊല്ലത്തെ ഒരു കൊലപാതക ശ്രമമുൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരുകേസിൽ പൊലീസിനെ ആക്രമിച്ച ശേഷം ഇയാൾ ഒളിവിലായിരുന്നു.