-women-wall

തിരുവനന്തപുരം:വനിതാമതിൽ അഭിസംബോധന ചെയ്യുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്നുമാത്രമാണ് ശബരിമലയിലെ യുവതിപ്രവേശനമെന്ന് നവോത്ഥാനമൂല്യസംരക്ഷണസമിതി ജനറൽകൺവീനറും കെ.പി.എം.എസ്.ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ പറഞ്ഞു.

വെള്ളയമ്പലത്ത് വനിതാമതിലിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആൾക്കൂട്ടകൊല,സ്ത്രീകൾക്കെതിരായ അക്രമം,ഗാർഹിക പീഢനം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. ശബരിമലയിൽ യുവതികൾക്ക് കയറാനായില്ല എന്ന് പറയുന്നതിൽ ന്യായമില്ല. സായുധപൊലീസ് അകമ്പടിയോടെ സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിൽ കാര്യമില്ല. ശബരിമലയിൽ സ്ത്രീകളായ ഭക്തർക്ക് സമാധാനപരമായി ആരാധിക്കാനുള്ള സാമൂഹ്യസാഹചര്യം ഒരുക്കുകയാണ് വേണ്ടത്. നവോത്ഥനപരിവർത്തനമുണ്ടാക്കിയ കേരളചരിത്രത്തിന്റെ പുനരാവിഷ്ക്കാരമാണ് വനിതാമതിലിലൂടെ ഉയർത്തെഴുന്നറ്റത്.ഇന്നത്തെ നവോത്ഥാനസംഘടനകൾക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും ഇതിനെ വർഗ്ഗീയമതിലെന്നും ഇതിൽ പങ്കെടുക്കുന്ന സംഘടനകളെ എടുക്കാചരക്കുകളെന്നും ആക്ഷേപിച്ചവരുണ്ട്. പങ്കെടുക്കാതെ മാറിനിൽക്കുന്നവരെ മഹത്വവൽക്കരിക്കാനുള്ള നീക്കവുമുണ്ടായി.യാഥാസ്ഥിതികത്വത്തിന്റെ പുറ്റുപിടിച്ച മനസുള്ളവരുടെ ഇൗ നീക്കങ്ങൾക്കെതിരായ സാമൂഹ്യ ചെറുത്തുനിൽപ് വനിതാമതിൽ വിജയം കൊണ്ട് പൂർത്തിയാകുന്നില്ല. തൊലിപ്പുറത്തെ ചികിത്സയല്ല അടിസ്ഥാനപരമായ സാമൂഹ്യമാറ്റങ്ങളാണ് ആവശ്യം.ഇൗ നാട്ടിൽ ജനിച്ചുവീഴുന്ന പുതുതലമുറയെല്ലാം ഇതിന്റെ പ്രാധാന്യം മനസിലാക്കണം. അതിനായി നവോത്ഥാനമൂല്യങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചുവെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. സാമൂഹ്യജീർണ്ണതയ്ക്കെതിരായ പ്രതിരോധശ്രമങ്ങൾക്ക് അർത്ഥവത്തായ പ്രതിരോധങ്ങൾ ഇനിയുമുണ്ടാകണം.പുന്നല പറഞ്ഞു.

സ്ത്രീവിരുദ്ധതയ്ക്കെതിരായ ചെറുത്തുനിൽപ്പാണ് വനിതാമതിലെന്ന് സി.പി.ഐ.ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ പറഞ്ഞു.രാജ്യത്ത് സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടായത് നിരവധിസ്ത്രീകളുടെ രക്തവും ജീവിനും നൽകിയുള്ള ശക്തിയുള്ള പോരാട്ടത്തിന്റെ ഫലമായാണ്.കേവലം പത്ത് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ബി.ജെ.പിയുംകോൺഗ്രസും നടത്തുന്ന ശ്രമങ്ങളെ അർത്ഥശൂന്യമാക്കുന്നതാണ് വനിതാമതിലിന്റെ വൻവിജയം.ആനിരാജ പറഞ്ഞു.