തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർനത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന യോഗങ്ങളിൽ അവിടെയുള്ള മലയാളികളായ കോൺഗ്രസുകാരെ പരമാവധി പങ്കെടുപ്പിക്കാനാവശ്യമായ മുന്നൊരുക്കങ്ങൾക്കായി എ.ഐ.സി.സി നിർദ്ദേശ പ്രകാരം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കൺവീനറായി മുന്നംഗ സംഘത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയോഗിച്ചു.
എം.പിമാരായ എം.കെ.രാഘവൻ, ആന്റോ ആന്റണി എന്നിവരാണ് സംഘത്തിലുള്ളത്. ജനുവരി 11,12 തീയതികളിലാണ് രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം. സാംപെട്രോഡ ചെർമാനായുള്ള കോൺഗ്രസിന്റെ വിദേശകാര്യ സെല്ലിനാണ് രാഹുൽ ഗാന്ധിയുടെ ഗൾഫ് പര്യടനത്തിന്റെ ചുമതല. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം 8ന് ദുബായിലെത്തും. കെ.പി.സി.സിയുടെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി.യുടെ അബുദാബി, അലയിൻ, റാസൽകൈമ,ഷാർജ, അജ്മാൻ എന്നീയൂണിറ്റുകളുടെ യോഗം വിളിച്ച് ചേർത്ത് രാഹുൽ ഗാന്ധിയുടെ പരിപാടികൾ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് മുന്നംഗ സംഘത്തിന്റെ ചുമതല.