-women-wall

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീകൾക്കെതിരായ കടന്നാക്രമങ്ങളെ ചെറുക്കുന്നതിനും സംഘടിപ്പിച്ച വനിതാമതിൽ വൻവിജയമാക്കിയ കേരളത്തിലെ സ്ത്രീ സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു.

വനിതാ മതിൽ എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ മുതൽ അതിനെ പൊളിക്കാൻ തുടർച്ചയായി നടത്തിയ എല്ലാ നുണപ്രചാരണങ്ങയൈും തള്ളിക്കളഞ്ഞാണ് കേരളത്തിലെ സ്ത്രീകൾ മതിലിന്റെ ഭാഗമായത്. സാമൂഹ്യ, സാംസ്‌കാരിക, കലാ, സിനിമാ മേഖലകളിലെ പ്രശസ്തരായവർ തൊട്ട് നവോത്ഥാന സംഘടനകളുടെ പ്രവർത്തകരും ന്യൂനപക്ഷ ജനസാമാന്യവും വനിതാമതിലിന്റെ ഭാഗമായി. കേരള ജനതയുടെ പരിഛേദമായി മാറിയ മതിൽ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയാവുകയായിരുന്നു.
വനിതാ മതിൽ വൻവിജയമായപ്പോഴാണ് ആർ.എസ്.എസുകാർ പരക്കെ അക്രമം അഴിച്ചുവിട്ടത്. കാസർകോട് ജില്ലയിലെ ചേറ്റുകുണ്ടിലും കണ്ണൂർ ജില്ലയിൽ തലശ്ശേരി തലായിലുമാണ് മതിലിന്റെ ഭാഗമായ സ്ത്രീകളെ ആർ.എസ്.എസുകാർ അക്രമിച്ചത്. ജനാധിപത്യത്തിനും മതേനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് ഈ അക്രമത്തിലൂടെയും തുറന്നുകാട്ടപ്പെട്ടത്. നിരായുധരായ സ്ത്രീകൾക്ക് നേരെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തിയ ഈ അക്രമങ്ങളിലൂടെ ഇവരുടെ തനിനിറമാണ് ഒരിക്കൽ കൂടി തുറന്നുകാട്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.