തിരുവനന്തപുരം: പനത്തുറ പൊഴിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. മൂന്നുപേർ രക്ഷപ്പെട്ടു. ബീമാപളളി പുതുവൽ പുരയിടത്തിൽ ടി.സി. 70/2889 ൽ മുഹമ്മദ് റഫീഖ് -ഫൗസി ദമ്പതികളുടെ മകൻ ഇബ്രാഹിം ബാദുഷ (17), പുതുവൽ പുരയിടം സദാം നഗറിൽ അബ്ദുൽ റഹീമിന്റെ മകൻ റമീസ് ഖാൻ (17) എന്നിവരാണ് മരിച്ചത്. ബീമാപളളി പുതുവൽ പുരയിടത്തിൽ ഷാനവാസിന്റെ മകൻ നവാബ് ഖാൻ (17), ബാദുഷയുടെ മകൻ ബിസ് മില്ല (17) എന്നിവരെയാണ് കാണാതായത്. ബീമാപ്പള്ളി ബീമാ മാഹീൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് മരിച്ച രണ്ടുപേരും.ഇവർക്കൊപ്പമുണ്ടായിരുന്ന അലി മുക്താറിനെ (18) മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അലി മുക്താർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അലി മുക്താർ തിരുവനന്തപുരം നഗരത്തിലെ ഒരു കടയിൽ സെയിൽസ് മാനാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ജെസീർ ഖാൻ(18), അബ്ദുൽ റഹീം(18) എന്നിവർ കടലിൽ ഇറങ്ങിയിരുന്നില്ല.
നീന്തൽ അറിയാതെ പൊഴിയിൽ ചാടി
തിരുവനന്തപുരം:ഇന്നലെ ഉച്ചകഴിഞ്ഞാണ് ബീമാപളളി സ്വദേശികളായ ഏഴു പേരുടെ സംഘം പൂന്തുറ ചേരിയാമുട്ടത്തിനടുത്തുളള പനത്തുറ പൊഴിയിൽ കുളിക്കാനെത്തിയത്. പാർവതി പുത്തനാറും കടലും സംഗമിക്കുന്ന പൊഴിക്കര നല്ല അടിയൊഴുക്കുള്ള സ്ഥലമാണ്. വൈകിട്ട് മൂന്നോടെ ഇവർ കുളിച്ച് കരയ്ക്ക് കയറിയെങ്കിലും വീണ്ടും പൊഴിയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു. ഒഴുക്കിൽപ്പെട്ട് കൂട്ടുകാരെ കാണാതായെന്ന് കരയിലിരുന്ന ജെസീറും റഹീമും തീരത്ത് ഉണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സും തീരദേശ പൊലീസും നടത്തിയ തെരച്ചിലിൽ ഇബ്രാഹിമിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. മറൈൻ എൻഫോഴ്‌സും തീരദേശ പൊലീസും രാത്രി എട്ടിന് തെരച്ചിൽ അവസാനിപ്പിച്ചു. എട്ടരയ്ക്ക് പൂന്തുറ ഇടവക പള്ളിയിൽ നിന്നുള്ള നിർദേശമനുസരിച്ച് മത്സ്യത്തൊഴിലാളികൾ രണ്ടു ബോട്ടുകളിലായി നടത്തിയ തെരച്ചിലിലാണ് ഒമ്പതോടെ റമീസിന്റെ മൃതദേഹം കിട്ടിയത്. കാണാതായ മറ്റു രണ്ടുപേർക്കായി രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.
പൂന്തുറ എസ്.ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പനത്തുറയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബീമാപളളിയിൽ നിന്ന് വൻജനക്കൂട്ടമാണ് പൂന്തുറ പൊലീസ് സ്‌റ്റേഷനിലും പൊഴിക്കരയിലുമെത്തിയത്. കാണാതായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും സ്ഥലത്ത് കാത്തിരിപ്പ് തുടരുകയാണ്.