തിരുവനന്തപുരം: പുതുവർഷത്തിൽ പൂന്തുറ പൊഴിക്കരയിൽ അവിചാരിതമായി വന്നെത്തിയ ദുരന്തത്തിൽ നാട്ടുകാരുടെ നടുക്കം മാറിയിട്ടില്ല. പുതുവർഷാഘോഷത്തിന് ഇന്നലെ നിരവധി പേർ തീരത്തെത്തിയിരുന്നു. അതിനിടെയാണ് വൈകിട്ട് നാലോടെ നാടിന്റെ ആഘോഷം കെടുത്തിയ അപ്രതീക്ഷിത ദുരന്തമുണ്ടായത്. പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി സംഘത്തിലെ നാല് പേരാണ് ഇന്നലെ മുങ്ങിമരിച്ചത്. ഇതോടെയാണ് ഉല്ലാസത്തിന്റെ തീരം പെട്ടെന്ന് അമ്പരപ്പിന്റേതായി മാറി. ഇന്നലെ ഉച്ചയോടെയാണ് ബീമാപള്ളി സ്വദേശികളായ ഇബ്രാഹിം ബാദുഷ (17), റമീസ് ഖാൻ (17), നവാബ് ഖാൻ (17), ബിസ്‌മില്ല (17), അലി മുക്താർ (18), ജെസീർ(18), അബ്ദുൽ റഹീം (18) എന്നിവരടങ്ങിയ ഏഴംഗ സംഘം പനത്തുറയിലെത്തിയത്. പാർവതി പുത്തനാറും കടലും സംഗമിക്കുന്ന പൊഴിക്കര അടിയൊഴുക്കുള്ള സ്ഥലമാണ്. പ്രകൃതി ഭംഗിയേറിയ ഈ സ്ഥലത്ത് അവധി ദിനങ്ങളിലും വിശേഷാവസരങ്ങളിലും നല്ല തിരക്കാണ്. പൊഴിക്കരയിലെത്തിയ വിദ്യാർത്ഥി സംഘത്തിലെ ആർക്കും നീന്തൽ അറിയില്ലായിരുന്നു. ഉച്ചസമയത്ത് തീരത്ത് പൊതുവേ ആളും കുറവായിരുന്നു. വൈകിട്ട് മൂന്നോടെ ഇവർ കുളിച്ച് കരയ്ക്ക് കയറിയെങ്കിലും വീണ്ടും പൊഴിയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൂട്ടത്തിലെ ജെസീറും റഹീമും കുളിക്കാനിറങ്ങാതെ കരയിൽ തന്നെയിരുന്നു. ആഴം കുറഞ്ഞ ഭാഗത്ത് ഇറങ്ങി കുളിച്ചുകൊണ്ടിരുന്ന ഇവർ അടിയൊഴുക്കിൽ പെടുകയായിരുന്നു. കൂട്ടുകാർ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നതു കണ്ട് കരയിലിരുന്ന ജെസീറും റഹീമും പരിഭ്രാന്തരായി അലറിവിളിച്ചു. ഇതേസമയം തീരത്തുണ്ടായിരുന്നവർ വെള്ളത്തിൽ ചാടി. വിവരമറിഞ്ഞ് കൂടുതൽ മത്സ്യത്തൊഴിലാളികൾ സ്ഥലത്തേക്ക് പാഞ്ഞെത്തി. ആദ്യത്തെ തെരിച്ചിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മുക്താറിനെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മത്സ്യബന്ധന വള്ളത്തിൽ തെരച്ചിൽ നടത്തിയ സംഘത്തിന് ഇബ്രാഹിമിന്റെ മൃതദേഹമാണ് പിന്നീട് കിട്ടിയത്. തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് ബോട്ടുകളും തെരച്ചിലിൽ പങ്കുചേർന്നു. എട്ടു മണിക്ക് ഇവർ തെരച്ചിൽ അവസാനിപ്പിച്ചു. 8.30ഓടെ പൂന്തുറ ഇടവക പള്ളിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് 12ഓളം മത്സ്യത്തൊഴിലാളികൾ രണ്ടു ബോട്ടുകളിലായി തെരച്ചിലിനിറങ്ങി. അര മണിക്കൂറിന് ശേഷം തീരത്തുനിന്ന് അധികം അകലെയല്ലാതെ റമീസ് ഖാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇബ്രാഹിമിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 10.30ഓടെ ബിസ്മില്ലയുടെയും 12.10ഓടെ നവാബ് ഖാന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് ബീമാപള്ളിയിൽ നിന്ന് വൈകിട്ട് നാലുമുതൽ വൻജനക്കൂട്ടമാണ് പൂന്തുറ പൊലീസ് സ്‌റ്റേഷനിലും പൊഴിക്കരയിലുമെത്തിയത്. സംഭവത്തിന് ശേഷം പുതുവർഷവുമായി ബന്ധപ്പെട്ട് വിവിധ ആഘോഷപരിപാടികൾ നടക്കാനിരുന്ന തീരം ശോകമൂകമായി. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും സ്ഥലത്തെത്തിയതോടെ അന്തരീക്ഷം കൂടുതൽ വികാരഭരിതമായി. സംഘത്തിലെ ഏഴുപേരും ചെറുപ്പം തൊട്ടേ ഒന്നിച്ചു പഠിച്ചവരും ഉറ്റ മിത്രങ്ങളുമാണ്. ബീമാപള്ളി മാഹീൻ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു എല്ലാവരുടെയും പഠനം. ഇതിൽ അലി മുക്താർ പ്ലസ്ടു പഠനം പൂർത്തിയാക്കി നഗരത്തിലെ കടയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയാണ്. എങ്കിലും മിക്ക സമയത്തും കൂട്ടുകാർ ഒരുമിച്ചു തന്നെയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജെസീറിനെയും അബ്ദുൾ റഹീമിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും കൂട്ടുകാരും പ്രയാസപ്പെടുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുക്താറിനെ കൂട്ടുകാർ മരിച്ച വിവരം അറിയിച്ചിട്ടില്ല. ദുരന്തത്തിന്റെ ആഴം ഇനിയും വലുതാകരുതേ എന്ന പ്രാർത്ഥനയോടെ കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് കാത്തിരിപ്പ് തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ രണ്ടു ബോട്ടുകളിലായി രാത്രി വൈകിയും തെരച്ചിൽ തുടരുന്നുണ്ട്. വി.എസ്. ശിവകുമാർ എം.എൽ.എ തീരത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.