danatha
വനിതാ മതിലിൽ ധനതാ സുനിൽകുമാർ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു

പയ്യന്നൂർ: പാർട്ടി തീരുമാനത്തിന് വിരുദ്ധമായി എൽ.ഡി.എഫ് സംഘടിപ്പിച്ച വനിതാ മതിലിൽ പങ്കെടുത്ത കോൺഗ്രസ് നഗരസഭാംഗം ധനത സുനിൽ കുമാറിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി. ധനതാ സുനിൽ കുമാർ നഗരാസഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് അവരുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ. പാർട്ടി അച്ചടക്കം ലംഘിച്ച ധനത സുനിൽ കുമാർ നഗരസഭാംഗത്വം രാജിവെക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ് ആവശ്യപ്പെട്ടു.

പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഡി.സി.സി നേതൃത്വത്തോട് ശുപാർശയും ചെയ്തു. പയ്യന്നൂർ നഗരസഭ മുപ്പത്തിയാറാം വാർഡ് കൗൺസിലറാണ് ധനത സുനിൽ കുമാർ. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഇവർ പിന്നീട് പാർട്ടി യോഗങ്ങളിലും മറ്റും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു. നഗരസഭാ യോഗത്തിലും യു.ഡി.എഫ് കൗൺസിലർമാരുടെ തീരുമാനത്തിനൊപ്പം നിൽക്കാതെ മാറി നിൽക്കുകയായിരുന്നു.

പാർട്ടിയുമായി സഹകരണമില്ലാത്ത കൗൺസിലർക്കെതിരെ പ്രവർത്തകർ നിരന്തരം നേതൃത്വത്തോട് പരാതി ഉന്നയിച്ചുവെങ്കിലും പ്രശ്‌ന പരിഹാരമൊന്നുമുണ്ടായില്ല. ഇതിനിടയിലാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് കൗൺസിലർ വാർഡിൽ വനിതാ മതിൽ പ്രചാരണത്തിനും ഇന്നലെ വനിതാ മതിലിലും അണിചേർന്നത്.

പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച കൗൺസിലർക്കെതിരെ നടപടി എടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. പാർട്ടി തലത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.