ശബരിമല: ഇക്കഴിഞ്ഞ ഡിസംബർ 24ന് രാവിലെ 6 ഓടുകൂടി അയ്യപ്പദർശനത്തിനായി എത്തിയ കോഴി ക്കോട് ഇടക്കുളങ്ങര നില ഹൗസിൽ ബിന്ദു (41), പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൃഷ്ണപുരിയിൽ കനകദുർഗ (46) എന്നിവരെ കനത്ത പ്രതിഷേധംകാരണം പൊലീസ് തിരിച്ചിറക്കിയിരുന്നു. കാനനപാതയിൽ പലയിടത്തും പ്രതിഷേധക്കാർ തടഞ്ഞത് സംഘർഷാന്തരീക്ഷത്തിന് കാരണമായിരുന്നു. പൊലീസ് സംരക്ഷണയിൽ യുവതികളെ മുന്നോട്ടുകൊണ്ടുപോയെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. ഒരിഞ്ചുപോലും മുന്നോട്ട് പോകാൻ കഴിയാത്ത രീതിയിൽ പ്രതിഷേധക്കാർ കാനനപാതയിൽ നിറഞ്ഞു. ബലപ്രയോഗം വേണ്ടെന്ന് മുകളിൽ നിന്ന് നിർദേശം വന്നതോടെ പൊലീസ് അനുനയ ശ്രമത്തിലാവുകയായിരുന്നു. തുടർന്ന് യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമം തുടങ്ങിയെങ്കിലും യുവതികൾ വഴങ്ങിയിരുന്നില്ല. തുടർന്ന് യുവതികളിലൊരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന പ്രചാരണമുണ്ടായതിനെത്തുടർന്നാണ് ഇരുവരേയും പൊലീസ് അന്ന് തിരിച്ചിറക്കിയത്.
അന്ന് ഇവർ പമ്പയിൽ നിന്ന് മൂന്ന് കിലോമീറ്റർ പിന്നിട്ടിരുന്നു. ഒന്നര കിലോമീറ്റർ കൂടി പിന്നിട്ടിരുന്നുവെങ്കിൽ സന്നിധാനത്ത് എത്തിയേനെ. എന്നാൽ, തങ്ങൾ വീണ്ടുമെത്തുമെന്ന് യുവതികൾ അന്നുതന്നെ പറഞ്ഞിരുന്നു. വീണ്ടും കയറാം എന്ന സർക്കാർ ഉറപ്പിലാണ് ഇവർ മടങ്ങിയതും. ഇന്ന് അവർ ആ ഉദ്യമം പൂർത്തിയാക്കി.