നെയ്യാറ്റിൻകര: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ ആലുംമൂട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിട്ടും ഇവർ പിരിഞ്ഞുപോകാത്തതോടെ ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ 12 പേർക്ക് പരിക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നെന്ന് പ്രവർത്തകർ പറഞ്ഞു. ബി.ജെ.പി നേതാക്കളായ സി.പി. ശശി, എൻ.പി. ഹരി, മഞ്ചത്തല സുരേഷ്, നഗരസഭ കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, ഹരികുമാർ, കൂട്ടപ്പന മഹേഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു. എൻ.പി. ഹരിയുടെ തലയ്‌ക്കും കാലിനും കൈകൾക്കും ശശിയുടെ തലയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. അമ്പതോളം പ്രവർത്തകർ റോഡ് ഉപരോധിക്കാനെത്തി. റോഡിന് നടുവിൽ തീപ്പന്തം കത്തിച്ച് ചുറ്റിലുമിരുന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇവർ പിരിഞ്ഞുപോകാത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. ചിതറിയോടിയ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി. കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെ കേസെടുത്തതായി സി.ഐ പ്രദീപ് കുമാർ പറഞ്ഞു.