തിരുവനന്തപുരം: വസ്തുക്കൾ കൈമാറ്രം ചെയ്യുമ്പോൾ വിരൽത്തുമ്പിൽ മഷിപുരട്ടി വിരലടയാളം പതിക്കുന്ന പഴഞ്ചൻ ഏർപ്പാട് രജിസ്ട്രേഷൻ വകുപ്പ് അവസാനിപ്പിക്കുന്നു. പകരം വിരലടയാളം രേഖപ്പെടുത്താൻ ബയോമെട്രിക് സംവിധാനം നടപ്പാക്കും. ഈ സാമ്പത്തിക വർഷം തന്നെ സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും പുതിയ സമ്പ്രദായം നിലവിൽ വരും.
വസ്തു കൈമാറ്രം ചെയ്യുന്ന ആളിന്റെ വിരലടയാളം രജിസ്ട്രാർ ഓഫീസുകളിലെ 'വിരൽപതിപ്പ് പുസ്തക'ത്തിൽ പതിക്കുന്നതാണ് പരമ്പരാഗത രീതി. വിലയാധാരമാണെങ്കിൽ ആദ്യപുറത്ത് വസ്തു കൈമാറുന്ന വ്യക്തിയുടെയും വാങ്ങുന്ന വ്യക്തിയുടെയും ഫോട്ടോയും വിരലടയാളവും പതിക്കേണ്ടതുണ്ട്. ബയോമെട്രിക് സംവിധാനം വരുന്നതോടെ വസ്തു കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ വിരലടയാളം കമ്പ്യൂട്ടർ സഹായത്തോടെ കൈയിൽ മഷിപുരട്ടാതെ നേരിട്ട് പ്രമാണത്തിലേക്കു പതിക്കുന്നതിന് പുറമെ, സെർവറിൽ സൂക്ഷിക്കാനും കഴിയും.
സബ് രജിസ്ട്രാർ ഓഫീസുകളിൽ സി.സി ടിവി കാമറ സ്ഥാപിക്കാനും തീരുമാനിച്ചു. നിരവധി അഴിമതി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കാനാണിത്. ആധാരം രജിസ്റ്രർ ചെയ്യാനെത്തുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന നേട്ടവുമുണ്ട്.
ആധാരങ്ങളുടെ ശരിപ്പകർപ്പ് ഫയൽ ചെയ്യുന്ന ഫയലിംഗ് ഷീറ്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള തീരുമാനം ജനുവരി ഒന്നുമുതൽ നടപ്പിൽ വന്നു. ശരിപ്പകർപ്പുകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാൻ വേണ്ടിയാണ് ഇത്. പത്തനംതിട്ട ജില്ലയിൽ ഡിജിറ്റൈസ് നടപടികൾ ഏറക്കുറെ പൂർത്തിയായി. കാലപ്പഴക്കത്തിൽ രേഖകൾ പൊടിഞ്ഞ് നഷ്ടപ്പെടാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതാവും. എ 3 വലിപ്പത്തിലുള്ള (വർത്തമാനപ്പത്രത്തിന്റെ ഒരു ഷീറ്റിന്റെ പകുതി വലിപ്പം) പേപ്പറാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഇത് സാധാരണ എഴുതാനുപയോഗിക്കുന്ന ഒരു പേപ്പറിന്റെ വലിപ്പത്തിലേക്ക് (എ 4)ചുരുങ്ങും.