നേമം: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളായണി പാടശേഖരങ്ങളിൽ കൃഷിയിറക്കാനുള്ള ആവേശത്തിലാണ് കർഷകർ. വർഷത്തിൽ മൂന്ന് തവണ കൃഷിയിറക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും മഴയും പ്രളയവും വിതച്ച ദുരിതം കാരണമാണ് കൃഷിയിറക്കാൻ താമസമുണ്ടായത്. വെള്ളായണിയിൽ പണ്ടാരക്കരി, കാഞ്ഞിരത്തടി, നിലമക്കരി, മാംഗിളിക്കരി എന്നീ പാടശേഖരങ്ങളിലായി നിരവധി കർഷകരാണ് കൃഷി നടത്തുന്നത്. വെള്ളായണി കായലിനെയും കരമനയാറിനെയും ബന്ധിപ്പിക്കുന്ന കന്നുകാലി ചാനലിന് രണ്ടു വശത്തായിട്ടാണ് പാടശേഖരങ്ങൾ. മാംഗിളിക്കരി, നിലമക്കരി, കാഞ്ഞിരത്തടി എന്നീ മൂന്ന് പാടശേഖരങ്ങൾ നെൽകൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ പണ്ടാരക്കരിയിൽ പച്ചക്കറിക്കാണ് പ്രാധാന്യം. 15 വർഷത്തിനു ശേഷം 2017 ഡിസംബറിലാണ് മാംഗിളിക്കരിയിലും നിലമക്കരിയിലും കൃഷി ആരംഭിച്ചത്. കന്നുകാലി ചാനലിലെ ജലനിരപ്പിൽ നിന്ന് താഴെയാണ് പാടങ്ങൾ സ്ഥിതി ചെയ്യുന്നത്. ' പെട്ടിയും പറയും ' സംവിധാനം ഉപയോഗിച്ച് പാടശേഖരങ്ങളിലെ വെള്ളം ചാനലിലേക്ക് തള്ളിവിട്ടാണ് കൃഷി നടത്തുന്നത്. പ്രളയത്തെ തുടർന്ന് പാടശേഖരങ്ങളിലെ പമ്പ് ഹൗസുകളും വെള്ളം കയറിയതോടെ മോട്ടോറുകൾ പ്രവർത്തന രഹിതമായി. ഇതോടെ പാടശേഖരങ്ങളിലെ വെള്ളം പുറന്തള്ളാൻ യാതൊരു നിർവാഹവുമില്ലാതെ കൃഷിക്കാർ വലഞ്ഞു. പാടശേഖരത്തിന്റെ കരകളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളംകയറി. ചെറുകിട ജലസേചന വകുപ്പാണ് പമ്പ് ഹൗസിന്റെ ചുമതലക്കാർ. മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ നൽകുകയാണ് പതിവ്. എന്നാൽ അതിനുവേണ്ടി ഫണ്ട് കണ്ടെത്തിയതും അനുവദിച്ചതും ഡിസംബർ ആദ്യവാരത്തിലാണ്.
കഴിഞ്ഞ തവണ ഇടത്തോട് വൃത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചു. കൂടാതെ കോർപറേഷൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന നിലമക്കരി പാടശേഖരത്തിന് ഹെക്ടറിന് 30,000 രൂപ വരെയും പഞ്ചായത്ത് മേഖലയായ മറ്റ് പാടശേഖരങ്ങൾക്ക് ഹെക്ടറിന് 18000 രൂപ വരെയും സാമ്പത്തിക സഹായം ലഭിച്ചിരുന്നു.