അയോദ്ധ്യകേസിൽ സുപ്രീംകോടതിയുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ ക്ഷേത്ര നിർമ്മാണം സാദ്ധ്യമാക്കുന്നതിന് സഹായകമായ വിധത്തിൽ ഒാർഡിനൻസ് കൊണ്ടുവരണമെന്ന് ബി.ജെ.പിയിലെ തീവ്രഹിന്ദുത്വപക്ഷം മറ്റു സംഘപരിവാർ സംഘടനകൾക്കൊപ്പം ആവശ്യപ്പെട്ടുവരികയാണ്.
ഏതെങ്കിലുമൊരു തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴാണ് ഇൗ ആവശ്യത്തിന് ശക്തി കൂടാറുള്ളത്. ഹിന്ദുത്വ വാദികൾക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളിലെ ഇൗയിടെ നടന്ന തിരഞ്ഞെടുപ്പുകാലത്തും രാമക്ഷേത്ര നിർമ്മാണം സജീവമായി പ്രചാരണരംഗത്ത് ഇടം പിടിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ തിരഞ്ഞെടുപ്പുകളിൽ കേന്ദ്ര ഭരണകക്ഷിക്ക് അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ ഇൗ ആവശ്യം പൂർവ്വാധികം ശക്തമായി അന്തരീക്ഷത്തിൽ ഉയർന്നിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ഒരു വാർത്താ ഏജൻസിയുമായി നടത്തിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ഒാർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. നിയമവും നീതിയും പുലർന്നുകാണണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ആശ്വാസം നൽകുന്ന ഒരു പ്രസ്താവനയാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്. മാത്രമല്ല കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിൽ ഇത്തരത്തിലല്ലാതെ വിരുദ്ധനിലപാടെടുക്കാൻ ഒരു ഭരണാധികാരിക്കും സാദ്ധ്യവുമല്ല.
രാജ്യത്തെ വല്ലാതെ മുറിപ്പെടുത്തിയ അയോദ്ധ്യപ്രശ്നം ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് മൂർച്ചകൂട്ടിയെടുക്കേണ്ടത് ഭരണകക്ഷിയിലെ പലരുടെയും ആവശ്യമാണ്. നിയമത്തിന്റെ ചട്ടക്കൂട്ടിനകത്തുനിന്നു പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനായ പ്രധാനമന്ത്രിയെ ഇൗ പ്രശ്നത്തിൽ തങ്ങളുടെ ഇച്ഛയ്ക്കൊപ്പം കൊണ്ടുപോകാൻ പാർട്ടിയിലെ ഒരുവിഭാഗം ഏറെനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്വബോധം പുലർത്തേണ്ട മന്ത്രിമാരിൽ ചിലരും ഇക്കൂട്ടത്തിലുണ്ട്. തിരഞ്ഞെടുപ്പിനുമുമ്പു രാമക്ഷേത്ര നിർമ്മാണത്തിനായി ഒാർഡിനൻസ് കൊണ്ടുവരുമെന്നുപോലും അവർ അണികളെ പറഞ്ഞുപറ്റിക്കാൻ നോക്കി. സാമാന്യബുദ്ധിയും വിവേകവുമുള്ള ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഇൗ നിലപാടിന് ഏറെ വൈകിയാണെങ്കിലും പ്രധാനമന്ത്രിയിൽനിന്നുതന്നെ വ്യക്തമായ ഉത്തരം ലഭിച്ചത് നല്ല കാര്യമാണ്.
അതിസങ്കീർണവും ഏറെ നിയമക്കുരുക്കുകളുമൊക്കെയുള്ള അയോദ്ധ്യ പ്രശ്നം തിരഞ്ഞെടുപ്പുവേളയിൽ പ്രചരണായുധമാകാറുണ്ടെങ്കിലും അതിന്റെ പ്രയോഗ സാദ്ധ്യത പരീക്ഷിക്കാൻ ബി.ജെ.പിയും ഒരുക്കമായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് കേന്ദ്രത്തിലെ അവരുടെ ഭരണകാലം. അയോദ്ധ്യ പ്രശ്നം ഉയർത്തിയ ആവേശത്തിന്റെ കൊടുമുടിയിൽ ഭരണത്തിലേറിയ വാജ്‌പേയി പോലും പിന്നീട് ഇൗ വിഷയത്തിൽ ഒഴിഞ്ഞുനിൽക്കാനാണ് ആഗ്രഹിച്ചത്.
അയോദ്ധ്യയിലെ ഒന്നേമുക്കാൽ ഏക്കർ വരുന്ന തർക്കഭൂമി ബന്ധപ്പെട്ട മൂന്ന് കക്ഷികൾക്കായി വിഭജിച്ചുനൽകണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇൗമാസം പരിഗണിക്കാനിരിക്കുകയാണ്. വാദം കേൾക്കുന്ന സമയക്രമം നിശ്ചയിച്ചാലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ് വിധി പ്രഖ്യാപനമുണ്ടാകുമെന്ന് കരുതാനാവില്ല. ഇൗ തിരഞ്ഞെടുപ്പിലും പ്രചരണം കൊഴുപ്പിക്കാൻ രാമക്ഷേത്ര വിഷയം സജീവമായിത്തന്നെ ഉണ്ടാകുമെന്നത് തീർച്ച. ക്ഷേത്ര നിർമ്മാണം വൈകുന്നതിന്റെ പേരിൽ ശിവസേന ഉൾപ്പെടെയുള്ള ചില ശക്തികൾ ബി.ജെ.പിയിൽനിന്ന് അകന്നത് പാർട്ടിയിലെ മോദി വിരുദ്ധർ ആയുധമാക്കുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. എഴുപത് വർഷത്തിനിടെ രാജ്യം ഭരിച്ച ഒരു സർക്കാരിനും പരിഹാരം കണ്ടുപിടിക്കാൻ കഴിയാത്ത സങ്കീർണ പ്രശ്നമായി അയോദ്ധ്യ തുടർന്നും സ്വാസ്ഥ്യം കെടുത്തുകയാണ്.
രാഷ്ട്രീയകക്ഷികൾ സ്വാർത്ഥത വെടിഞ്ഞ് പ്രശ്നത്തെ സമീപിച്ചിരുന്നുവെങ്കിൽ തീർക്കാവുന്ന തർക്കമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വോട്ടിൽമാത്രം കണ്ണുവച്ചുള്ള രാഷ്ട്രീയക്കളികൾ രാജ്യത്തിന് സമ്മാനിച്ചത് ഉണങ്ങാത്ത മുറിവുകൾ മാത്രമാണ്. ഇനി സുപ്രീംകോടതിയുടെ തീരുമാനംവരെ ക്ഷമാപൂർവം കാത്തിരിക്കാനേ കഴിയൂ. കഴിഞ്ഞകാലത്തെ കോൺഗ്രസ് സർക്കാരുകളാണ് എല്ലാം തകിടം മറിച്ചതെന്ന് ഇപ്പോൾ കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി മോദിക്കും ഇൗ പാപഭാരത്തിൽനിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാകും? അയോദ്ധ്യയുടെ പേരിൽ രക്തം ചിന്താനും എതിർചേരിയിലുള്ളവരുടെ രക്തമൊഴുക്കാനും കച്ചകെട്ടി നിൽക്കുന്ന സ്വന്തം പാർട്ടിയിലുള്ളവരെ അടക്കിനിറുത്താൻ അദ്ദേഹത്തിന് കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.