നേമം: നേമം ഗവൺമെന്റ് യു.പി സ്‌കൂളിനോടുള്ള അധികൃതരുടെ അവഗണനയ്‌ക്ക് അവസാനമാകുന്നു. ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചു. സ്‌കൂളിന്റെ പ്രധാന കെട്ടിടം സ്ഥിതിചെയ്യുന്ന കരമന പ്രാവച്ചമ്പലം റോഡിന്റെ വലതു വശത്തുള്ള കോമ്പൗണ്ടിലാണ് പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുന്നത്. 16 ക്ലാസ് മുറികൾ അടങ്ങുന്ന സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 2014-15ൽ അന്നത്തെ എം.എൽ.എ ജമീല പ്രകാശത്തിന്റെ ആസ്‌തിവികസന ഫണ്ടിൽ നിന്നു 1.30 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടം പണി ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നു ഭരണാനുമതിയും, പൊതുമരാമത്തിൽ നിന്നു സാങ്കേതിക അനുമതിയും ലഭിച്ചെങ്കിലും നിർമ്മാണം ഉദ്ദേശിച്ച സ്ഥലത്തെ ആഞ്ഞിലി മരം മുറിക്കുന്നതിന് അനുമതി ലഭിച്ചില്ല. കഴിഞ്ഞ വർഷം അനുമതി ലഭിച്ചപ്പോൾ അവിടെയും മരം പ്രശ്‌നമായിരുന്നു. മരം ലേലം ചെയ്യേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ കണക്കാക്കുന്ന വിലയ്ക്ക് വേണമെന്നായിരുന്നു നിർദ്ദേശം. അവർ മുന്നോട്ടു വച്ച 95,000 രൂപയ്ക്ക് മരം ലേലം പിടിക്കാൻ ആരുമില്ലാതെ വന്നതോടെ കെട്ടിടം പണി മുടങ്ങി. നിർമ്മാണം മുന്നോട്ടു പോകണമെങ്കിൽ മരം മുറിക്കാതെ സാധിക്കില്ലെന്ന് വകുപ്പിന് ബോദ്ധ്യമായതോടെ 72,000 രൂപയ്ക്ക് ലേലം പിടിക്കാൻ ധാരണയായി. കഴിഞ്ഞ ആഴ്ച ലേല നടപടികൾ പൂർത്തിയായെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നെയ്യാറ്റിൻകര ബിൽഡിംഗ്സ് സബ് ഡിവിഷൻ അസി. എൻജിനിയർ അജിത് പറഞ്ഞു. കരമന കളിയാക്കാവിള പാത വികസനത്തിന്റെ ഭാഗമായി സ്ഥലവും ക്ലാസ് മുറികളും നഷ്ടപ്പെട്ട സ്കൂളിന് പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ താത്കാലികമായി ആശ്വാസം ലഭിക്കും. പാത വികസനഞ്ഞ തുടർന്ന് ക്ലാസ് മുറികൾ നഷ്ടപ്പെട്ടതിനാൽ പല ക്ലാസുകളും സ്‌കൂൾ ആഡിറ്റോറിയത്തിലും ലാബുകളിലുമായി നടത്തുകയാണ്.