sabarimala-

തിരുവനന്തപുരം:ശബരിമലയിൽ യുവതീപ്രവേശനത്തിന് അതീവരഹ്യമായി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ മുഖ്യമന്ത്രിക്കും ഒരു മന്ത്രിക്കും പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹറയടക്കം ആറ്പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും മാത്രമായിരുന്നു അറിയാമായിരുന്നത്. സൈനിക ഓപ്പറേഷനിലേതു പോലെ, മിനിട്ട്തോറും ചെയ്യേണ്ട കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയത്. ഇന്റലിജൻസ്‌ മേധാവി പോലും വൈകിയാണ് അറിഞ്ഞത്.

ബെഹറയ്‌ക്ക് പുറമെ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി.മാരായ ബൽറാംകുമാർ ഉപാദ്ധ്യായ, വിജയ് സാക്കറെ, കോട്ടയം എസ്.പി ഹരിശങ്കർ, സന്നിധാനത്തെ സുരക്ഷാചുമതലയുള്ള കാസർകോട് എസ്.പി ശ്രീനിവാസ് എന്നിവർക്കു മാത്രമാണ് പദ്ധതി പൂർണമായി അറിയാമായിരുന്നത്. മകരവിളക്ക് സുരക്ഷയ്‌ക്കായി നിശ്ചയിച്ചിരുന്ന ഐ.ജിമാരായ പി.വിജയൻ, എസ്.ശ്രീജിത്ത് എന്നിവരെ ഒഴിവാക്കി കണ്ണൂർ സായുധ ബറ്റാലിയനിൽ നിന്ന് ഡി.ഐ.ജി കോറി സഞ്ജയ്‌കുമാർ ഗരുഡിനെയും കണ്ണൂർ ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയെയും ശബരിമലയിലെത്തിച്ചു. സഞ്ജയ്‌കുമാറിന് പക്ഷേ പൂർണ വിവരങ്ങൾ നൽകിയില്ല. ഇവർക്കുപുറമേ സർക്കാരിന്റെ വിശ്വസ്തരായ സി.ഐറാങ്കിൽ താഴെയുള്ള ഒരുഡസൻ പൊലീസുകാരെ യുവതികൾക്ക് അകമ്പടിക്കായി നിയോഗിച്ചു. ഇവരെയും 'ഡ്യൂട്ടി' സമയം അറിയിച്ചത് അവസാനനിമിഷമാണ്.

ദർശനത്തിന് സുരക്ഷയൊരുക്കണമെന്ന് കഴിഞ്ഞ 30ന് യുവതികൾ കോട്ടയം എസ്.പി.ഹരിശങ്കറിന് കത്തുനൽകി. തുടർന്നാണ് മാസ്റ്റർപ്ലാനുണ്ടാക്കിയത്. തീയതിയും സമയവും നിശ്ചയിച്ചത് പൊലീസാണ്. വിവരങ്ങൾ ചോരാതിരിക്കാൻ മുൻകരുതലെടുത്തു. എറണാകുളത്തു നിന്നെത്തിയ യുവതികളെ പൊലീസ് വാഹനത്തിൽ പമ്പയിലെത്തിച്ചെന്നാണ് പൊലീസ് വിശദീകരണമെങ്കിലും ഐ.ജിയുടെ ഗസ്റ്റ്ഹൗസിൽ താമസിപ്പിച്ചെന്നും സൂചനയുണ്ട്.

നാല് വെല്ലുവിളികൾ

മലകയറ്റം

പമ്പയിൽനിന്ന് തീർത്ഥാടകരെ കടത്തിവിടാത്ത സമയം തീരുമാനിച്ചു. 18 പുരുഷന്മാരുടെ വലയത്തിൽ യുവതികളെ മലകയറ്റി. ചന്ദ്രാനന്ദൻ റോഡ് എത്തും മുൻപ് യുവതികളല്ലേയെന്ന് സംശയം പ്രകടിപ്പിച്ച ഭക്തരോട്, ട്രാൻസ് ജെൻഡറുകളാണെന്നാണ് ഒപ്പമുള്ളവർ പറഞ്ഞത്. പുരുഷ വേഷത്തിലാണ് യുവതികളെ കൊണ്ടുപോയതെന്നും സൂചനയുണ്ട്.

നടപ്പന്തൽ

നൂറുകണക്കിന് ഭക്തർ വിരിവയ്ക്കുന്ന നടപ്പന്തൽ വഴി യുവതികളെ കൊണ്ടുപോവുക അസാദ്ധ്യമായതിനാൽ പൊലീസ് ഇടറോഡ് തിരഞ്ഞെടുത്തു. ചന്ദ്രാനന്ദൻ റോഡിൽനിന്ന് താഴേക്കിറങ്ങി നടപ്പന്തലെത്തും മുൻപ് ഇടത്തേക്ക് തിരിഞ്ഞ് ട്രീറ്റ്‌മെന്റ് പ്ലാന്റിനും ബെയ്‌ലി പാലത്തിനും അടുത്തുള്ള ഇടവഴിയിലൂടെ പൊലീസുകാർ താമസിക്കുന്ന ബാരക്കിനടുത്ത് എത്തിച്ചു. അവിടെവച്ച് വേഷംമാറി. ബാരക്കിനു പിന്നിലൂടെ ക്ഷേത്രത്തിന് പിൻവശത്തുള്ള വഴിയിലേക്കെത്തി, ജീവനക്കാർ പ്രവേശിക്കുന്ന വഴിയിലൂടെ സന്നിധാനത്തെത്തിച്ചു.

ദർശനം

പുലർച്ചെ മൂന്നിന് നടതുറന്ന് ആദ്യപൂജകൾക്ക് ശേഷം യുവതികളെ എത്തിക്കാനായിരുന്നു പദ്ധതി. ഇതുപ്രകാരം 3.48മുതൽ 3.50വരെയാണ് യുവതികൾ ക്ഷേത്രപരിസരത്തുണ്ടായിരുന്നത്.

യുവതികൾ പ്രധാനവാതിലിൽ എത്തുന്നതിന് തൊട്ടുമുൻപ് സുരക്ഷാസംഘത്തിലെ പൊലീസുകാർ അവിടെ നിലയുറപ്പിച്ചു. കൊടിമരച്ചോട്ടിലൂടെ പ്രധാനവാതിൽ കടന്ന് വി.ഐ.പികൾക്കും ഭക്തർക്കുമുള്ള മൂന്ന് വരികൾക്ക് പിന്നിൽ സുരക്ഷിത അകലത്തിൽ യുവതികളെ ദർശനം നടത്തിച്ചു.

തിരിച്ചിറക്കം

ദർശനത്തിനുശേഷം എത്രയുംവേഗം യുവതികളെ പമ്പയിലെത്തിക്കാൻ ഒന്നിലധികം പദ്ധതികളുണ്ടായിരുന്നു. പ്രതിഷേധമുണ്ടായാൽ ഒളിപ്പിക്കാൻ ബാരക്ക് ഒഴിച്ചിട്ടിരുന്നു. ഏതാനും ട്രാക്ടറുകളും സജ്ജമാക്കിയിരുന്നു. അടിയന്തരഘട്ടമുണ്ടായാൽ സ്വകാര്യഹെലികോപ്ടർ എത്തിക്കാനും ധാരണയിലെത്തിയിരുന്നു. പമ്പയിലെത്തിച്ച് പൊലീസ്‌വാഹനത്തിൽ അങ്കമാലിയിലേക്കും തൃശൂരിലേക്കും കൊണ്ടുപോയി.

ആവശ്യമായ സുരക്ഷ നൽകി. തീർത്ഥാടകരുടെ പ്രായംനോക്കേണ്ട ചുമതല പൊലീസിനില്ല. പൊലീസിന് നിയമം അനുസരിച്ചേ പറ്റൂ.

ലോ‌ക്‌നാഥ്ബെഹറ

പൊലീസ്‌മേധാവി