കെ.ജി. ദേവകി അമ്മ എന്ന എന്റെ അമ്മൂമ്മയുടെ ജീവിതം ഒരു പാഠപുസ്തകമായിരുന്നു. ജാനകിയമ്മയുടെയും കേശവൻ ഭാഗവതരുടെയും മകളായി ജനനം. സംഗീതാചാര്യനായിരുന്ന അച്ഛന്റെ ശിക്ഷണത്തിൽ എട്ടാം വയസിൽ ശാസ്ത്രീയ സംഗീതകച്ചേരി നടത്തി അരങ്ങേറ്റം കുറിച്ചു. 18-ാം വയസിൽ കലാനിലയം കൃഷ്ണൻനായരോടൊപ്പം അദ്ദേഹത്തിന്റെ നാടക കമ്പനിയിൽ ചേർന്നു. 19-ാം വയസിൽ കൃഷ്ണൻനായരെ കല്യാണം കഴിച്ചു. വളരെ പെട്ടെന്നായിരുന്നു അമ്മൂമ്മ തീരുമാനങ്ങൾ എടുത്തിരുന്നത്.
കലാനിലയം സ്ഥിരം നാടകവേദിയും 'തനിനിറം " മാസികയും തനിനിറം ദിനപത്രവും , ഇരുവരുടെയും സംയുക്ത സംരംഭങ്ങളായിരുന്നു. ഒരേ ചിന്താഗതിക്കാരായിരുന്നു ഇരുവരും. അന്നുവരെ കണ്ടിട്ടുള്ള നാടകങ്ങളിൽ നിന്ന്, വ്യത്യസ്തമായി സിനിമയെപ്പോലും വെല്ലുന്ന രീതിയിലുള്ള രംഗപാടവത്തോടുകൂടിയുള്ള നാടകാവതരണം. ഇന്നും കലാനിലയം നാടകങ്ങൾക്ക് പകരംവയ്ക്കാൻ മറ്റൊന്നില്ല. ആരൊക്കെ നാടകരചന നടത്തിയാലും രംഗത്ത് അവതരിപ്പിക്കുമ്പോൾ അത് കലാനിലയം കൃഷ്ണൻനായരുടെയും കെ.ജി. ദേവകിഅമ്മയുടെയും കലാവൈഭവത്തിന്റെ സംയുക്ത സൃഷ്ടികളായിരിക്കും. എന്തുചെയ്താലും അതിൽ വ്യത്യസ്തത പുലർത്തണമെന്ന നിർബന്ധക്കാരായിരുന്നു ഇരുവരും.
ഒരു ദിവസം തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നാടകം നടക്കുന്ന സമയം. നാടക തിയേറ്ററിൽ നിന്ന് വീട്ടിലേക്ക് ഒരു ഫോൺ വന്നു. സെക്കൻഡ് ഷോയ്ക്കുള്ള ടിക്കറ്റ് കൊടുത്തു. നാടകലോകത്തുള്ള ഏറ്റവും പ്രശസ്തരായ നടീനടന്മാരായിരുന്നു അഭിനേതാക്കൾ. ആ നാടകത്തിൽ പ്രധാനവേഷങ്ങൾ അഭിനയിക്കുന്ന മൂന്ന് നടന്മാർ മേക്കപ്പ്മാനുമായുള്ള ഒരു ചെറിയ തർക്കത്തിൽ അഭിനയിക്കില്ലെന്ന് അറിയിച്ചു. ഇതായിരുന്നു ഫോൺ സന്ദേശം. കൃഷ്ണൻനായർ സാധാരണ ഒറ്റയ്ക്കാണ് സെക്കൻഡ് ഷോയ്ക്ക് പോകുന്നത്. അദ്ദേഹം ദേവകിഅമ്മയെക്കൂടി കൂട്ടി തിയേറ്ററിൽ എത്തി. മൂന്ന് നടന്മാരോടും സംസാരിച്ചു. അവർ തീരുമാനത്തിൽ ഉറച്ചുനിന്നു. നാടകം മുടങ്ങിയാൽ പിറ്റേദിവസം അത് വലിയ വാർത്തയാകും. ഇത് മനസിലാക്കിയ ദേവകിഅമ്മ കൃഷ്ണൻനായരുടെ ചെവിയിൽ എന്തോ പറഞ്ഞു. ഒരുനിമിഷം ആലോചിച്ചശേഷം കൃഷ്ണൻനായർ സമ്മതിച്ചു. കലാനിലയം നാടകങ്ങളിൽ കർട്ടനുകളും സീൻ സെറ്റിംഗിനുമായി 20 ൽ കുറയാത്ത ആളുകൾ സ്റ്റേജിനു മുകളിൽ ഇരിക്കാറുണ്ട്. ഇതിൽ മൂന്നുപേരെ താഴെയിറക്കി. മൂന്നുപേരോടും പകരക്കാരായി അഭിനയിക്കാൻ ആവശ്യപ്പെട്ടു. അവർ ഞെട്ടി. നാടകം ഭംഗിയായി നടന്നു. കാണികൾ കൈയടിച്ചു. ആരും പുറത്തറിഞ്ഞില്ല. ആഴ്ചകൾക്കുശേഷം പഴയ അഭിനേതാക്കൾ മടങ്ങിവന്നു. നാടകാഭിനയം തുടർന്നു. മടങ്ങിവന്നവർ കൃഷ്ണൻ നായരോട് ചോദിച്ചു. ആരാണ് ഇൗ പകരക്കാരെ കണ്ടെത്തിയത് ? നടന്മാർക്ക് ചായയുമായി പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്ന ദേവകിഅമ്മയെ നോക്കി കലാനിലയം കൃഷ്ണൻനായർ പറഞ്ഞു. ഇതാണ് ആൾ. നിങ്ങൾതന്നെ നേരിട്ട് ചോദിച്ചുകൊള്ളുക. അതാണ് ദേവകിഅമ്മ. ഏത് സാഹചര്യത്തിലും എന്തും നേരിടാൻ കഴിയുന്ന ചങ്കൂറ്റം അമ്മൂമ്മയുടെ കൈമുതലായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം.
1950 ൽ ആകാശവാണി തിരുവനന്തപുരത്ത് ആരംഭിച്ചതു മുതൽ സ്ഥാപക ആർട്ടിസ്റ്റായി. പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്നു ആകാശവാണിയിലെ 'ദേവകി അക്ക'നെന്ന് അടുപ്പമുള്ളവർ വിളിച്ചിരുന്ന കെ.ജി.ദേവകിഅമ്മ.
1980 ൽ അപ്രതീക്ഷിതമായി കലാനിലയം കൃഷ്ണൻനായർ 62-ാമത്തെ വയസിൽ നമ്മെ വിട്ടുപിരിഞ്ഞു. അന്നുതന്നെ ദേവകിഅമ്മ ആകാശവാണിയിൽ നിന്ന് രാജിവച്ചു. കലാനിലയം കൃഷ്ണൻനായരും മക്കളും കൊച്ചുമക്കളും, കലയുമായിരുന്നു അവരുടെ ജീവിതചര്യ. കലാനിലയം കൃഷ്ണൻനായർക്കും കലാനിലയം നാടകപ്രസ്ഥാനങ്ങൾക്കും തനിനിറം ദിനപ്പത്രത്തിനും ഒാരോ നിർണായക ഘട്ടങ്ങളിലും താങ്ങും തണലുമായിരുന്നു അവർ. കലയോടുള്ള അടങ്ങാത്ത ദാഹമാണ് കലാനിലയം കൃഷ്ണൻനായരുടെ മരണശേഷം ചില സിനിമകളിലും ടെലിവിഷൻ രംഗത്തുമുള്ള അവരുടെ മടങ്ങിവരവിലൂടെ കണ്ടത്. ഒരർത്ഥത്തിൽ അത് തന്റെ ജീവിത പങ്കാളിയുടെ വേർപാടിന്റെ ദുഃഖം മറക്കാൻ കൂടിയായിരുന്നു. ഒരുപാട് നന്മകൾ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു അവർ. ആ കഴിവുകൾ അത്ഭുതത്തോടും ആരാധനയോടും നോക്കിനിന്നിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട അമ്മൂമ്മയുടെ ജീവിതത്തിൽനിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്. അതൊരു വലിയ പാഠപുസ്തകമായിരുന്നു.
(കെ.ജി. ദേവകിഅമ്മയുടെ കൊച്ചുമകളും മുൻസംഗീത നാടക അക്കാഡമി അംഗവുമാണ് ലേഖിക .ഫോൺ: 9447159559.)