കാട്ടാക്കട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഗ്രാമീണ മേഖലയിൽ വ്യാപക പ്രതിഷേധം. പലയിടങ്ങളിലും പ്രതിഷേധം അക്രമത്തിൽ കലാശിച്ചു.
വെള്ളനാട്ട് ഇന്നലെ രാവിലെ 11.30 ഓടെ കർമ്മ സമിതി പ്രവർത്തകർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നു പ്രതിഷേധ പ്രകടനം ആരംഭിച്ചു. തുടക്കം മുതൽ അക്രമാസക്തരായ പ്രവർത്തകർ റോഡിന് ഇരു വശങ്ങളിലും സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും ദേശീയ പണിമുടക്കിന്റെയും പ്രചാരണ ബോർഡുകൾ തകർത്തു.
തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയ പ്രവർത്തകർ അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും തകർത്തു. ഇത് തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്യനാട് പൊലീസ് സ്റ്റേഷനിലെ റാഫി എന്ന പൊലീസുകാരനെ സംഘം മർദ്ദിച്ചു. പരിക്കേറ്റ ഇയാളെ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ ഡിപ്പോ ഉപരോധം കഴിഞ്ഞ് വെള്ളനാട് ജംഗ്ഷനിൽ എത്തിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം കഴിഞ്ഞ ശേഷം സംഘടിതരായി എത്തിയ കുറച്ചു പ്രവർത്തകർ വെള്ളനാട് ജംഗ്ഷന് സമീപത്തെ സി.പി.എം ഓഫീസ് അടിച്ചു തകർത്തു.
ഓഫീസ് അടിച്ചു തകർത്ത മൂന്നുപേരെ സംഭവ സ്ഥലത്തു നിന്നും ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കള്ളിക്കാട്ട് കർമ്മ സമിതി പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.
പ്രതിഷേധവുമായി രാവിലെ കോൺഗ്രസാണ് ആദ്യം എത്തിയതെങ്കിലും പ്രതിഷേധ പരിപാടി കർമ്മ സമിതി ഏറ്റെടുത്തു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കർമ്മസമിതി നേതാവ് ബിജു ഉൾപ്പെടെ 15 പ്രവർത്തകരെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കടയിൽ പ്രതിഷേധവുമായി എത്തിയ കർമ്മ സമിതി പ്രവർത്തകർ സി.പി.എമ്മിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ജംഗ്ഷനിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. തുടർന്ന് റോഡ് ഉപരോധിച്ചു.
കർമ്മ സമിതി നേതാക്കളായ സന്തോഷ് കുമാർ, രാധൻ, കാട്ടാക്കട ശശി, സുദർശനൻ, കിള്ളി കണ്ണൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. കാട്ടാക്കട പൊലീസ് 14 പേർക്കെതിരേ കേസെടുത്തു
അക്രമ സാദ്ധ്യത കണക്കിലെടുത്ത് കാട്ടാക്കട, കള്ളിക്കാട്, പൂവച്ചൽ, വെള്ളനാട്, കുറ്റിച്ചൽ, ആര്യനാട് മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ, സബ് ഇൻസ്പെക്ടർ സജി, ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ ബി. അനിൽകുമാർ, സബ് ഇൻസ്പെക്ടർ എസ്.വി. അജീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.