sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസപ്രശ്നമുയർത്തി അരങ്ങേറിയ പ്രതിഷേധങ്ങളെ, അല്പം വൈകിയാണെങ്കിലും സമർത്ഥമായി അതിജീവിക്കാനായത് രാഷ്ട്രീയ നേട്ടമായി സർക്കാരിനും ഇടതു മുന്നണിക്കും വിലയിരുത്താം. അതേസമയം, ബി.ജെ.പിയും യു.ഡി.എഫും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതും പലേടത്തുമുണ്ടായ അക്രമങ്ങളും സർക്കാരിന് രാഷ്ട്രീയസമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.

അതിനിടെ, യുവതീ പ്രവേശനത്തിനു പിന്നാലെ നട അടച്ചിട്ട് ശുദ്ധികലശത്തിന് ഒരുങ്ങിയ തന്ത്രിയുടെ നടപടി വിവാദങ്ങളെ പുതിയ വഴിത്തിരിവിലെത്തിക്കുന്നു. തന്ത്രിയെ തള്ളി ഇടതുനേതൃത്വവും മന്ത്രിമാരും രംഗത്തെത്തിയത് കോടതിയലക്ഷ്യ നടപടി നേരിട്ടാൽ തന്ത്രിക്ക് സംരക്ഷണമുണ്ടാവില്ലെന്ന് സൂചന നൽകുന്നു. തന്ത്രിയെ തള്ളിപ്പറഞ്ഞില്ലെങ്കിലും ന്യായീകരിക്കാൻ ദേവസ്വംബോർഡ് പ്രസിഡന്റും തയ്യാറായിട്ടില്ല.

യുവതീ പ്രവേശന വിഷയത്തിലെ റിവ്യൂഹർജികൾ സുപ്രീം കോടതി ഈ മാസം 22ന് പരിഗണിക്കുന്നതു വരെ യുവതികൾ ദർശനം നടത്തുന്നത് തടയുക എന്ന പ്രതിഷേധക്കാരുടെ തന്ത്രം പാളിപ്പോയത് അന്തിമ വിധിയെ സ്വാധീനിച്ചേക്കാം. യുവതീ പ്രവേശനത്തിനു പിന്നാലെ സംസ്ഥാനമെമ്പാടും പ്രക്ഷോഭം അഴിച്ചുവിട്ടുള്ള സംഘപരിവാർ നീക്കം വിശ്വാസികളുടെ വികാരം രാഷ്‌ട്രീയമായി മുതലെടുപ്പിനുള്ള ഗൂഢതന്ത്രമായി കാണേണ്ടിവരും. ഭക്തരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കി എന്ന രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിനു പിന്നിലെ രാഷ്‌ട്രീയോദ്ദേശ്യവും വ്യക്തം. യുവതികളുടെ അയ്യപ്പ ദർശനം സമരമുഖത്തുള്ള സംഘപരിവാറിനും, പ്രതിഷേവുമായി രംഗത്തുള്ള യു.ഡി.എഫിനും അപ്രതീക്ഷിത അടിയായിരുന്നു. ഭരണഘടനാബഞ്ചിന്റെ വിധി നടപ്പാക്കുന്നത് സർക്കാരിന്റെ ബാദ്ധ്യത ആയിരിക്കെ, ആ നിലയ്ക്ക് സർക്കാരിനെ നേരിടാൻ പ്രതിപക്ഷത്തിനു കഴിയില്ല. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസമായി നിരാഹാരം തുടരുന്ന ബി.ജെ.പിക്ക് യുവതീപ്രവേശനം സഹിക്കാവുന്നതല്ല. ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിട്ടും പ്രതിഷേധമുണ്ടായില്ലെന്ന് ദർശനം നടത്തിയ യുവതികളിൽ ഒരാൾ പറഞ്ഞതും സർക്കാരിന് ബലമേകുന്നതാണ്.

കഴിഞ്ഞ ദിവസത്തെ വനിതാ മതിലിനെ ദേശീയ മാദ്ധ്യമങ്ങളടക്കം പിന്തുണച്ചതും അതിലെ വർദ്ധിച്ച സ്ത്രീപങ്കാളിത്തവും സർക്കാരിനും ഇടതു മുന്നണിക്കും ആത്മവീര്യം പക‌‌ർന്നിട്ടുണ്ട്. യുവതീപ്രവേശനത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി ബി.ജെ.പിയും യു.ഡി.എഫും രാഷ്‌ട്രീയ നേട്ടത്തിന് ഇറങ്ങിയപ്പോൾ സംവാദത്തെ നവോത്ഥാന മൂല്യ സംരക്ഷണം എന്ന വിശാല തലത്തിലേക്ക് എത്തിക്കാനും സർക്കാരിനായി. ദളിത്, പിന്നാക്ക വിഭാഗങ്ങളെയും പുരോഗമന ചിന്താഗതിക്കാരെയും ഒപ്പം നിറുത്തുന്നതിൽ വിജയിച്ചതിനൊപ്പം, പലതവണ പരാജയപ്പെട്ട യുവതീപ്രവേശന ദൗത്യങ്ങളിൽ സംശയം പ്രകടിപ്പിച്ച ഉല്പതിഷ്ണുക്കളുടെ തെറ്റിദ്ധാരണ അകറ്റാനായെന്നും ഇടതു കേന്ദ്രങ്ങൾ വിലയിരുത്തുന്നു.