വെള്ളറട: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മലയോരത്തും വ്യാപക പ്രതിക്ഷേധം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളറടയിലും ഒറ്റശേഖരമംഗലത്തും ഇന്നലെ ഉച്ചയോടെ റോഡുകൾ ഉപരോധിച്ചു. ഇതുകാരണം വെള്ളറടയിലും ഒറ്റശേഖരമംഗലത്തും ഗതാഗതം തടസപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറടയിൽ ഏഴുപേർക്കെതിരെയും ആര്യങ്കോട് ഏഴുപേർക്കെതിരെയും പൊലീസ് കേസെടുത്തു. പനച്ചമൂട്ടിൽ നിന്നും പ്രകടനമായി എത്തിയ 75 ഓളം പേർ ചേർന്നാണ് റോഡ് ഉപരോധിച്ചത്. യുവമോർച്ച പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, ബി.ജെ.പി വെള്ളറട മേഖല പ്രസിഡന്റ് മണികണ്ഠൻ, കിളിയൂർ മേഖല പ്രസിഡന്റ് സുനിൽ, കുന്നത്തുകാൽ മേഖലപ്രസിഡന്റ് മഹേഷ്, അരുൺ, പ്രദീപ്, സജുകുമാർ, തുടങ്ങിയവർക്കെതിരെയാണ് വെള്ളറട പൊലീസ് കേസെടുത്തിട്ടുള്ളത്. ആര്യങ്കോട് ശിവകുമാർ, രാജേഷ് കുമാർ, പ്രമോദ്, സന്തോഷ്, വിഷ്ണുകുമാർ, അഖിൽ, എന്നിവർക്കെതിരെയാണ് കേസെടുത്തത്.