politics

നെടുമങ്ങാട്: സ്കാനിംഗ് ഉപകരണങ്ങൾ അടിക്കടി തകരാറിലാവുന്നതും ഓപ്പറേഷൻ തിയേറ്ററിലെ അപര്യാപ്തതകളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികളെയും ജീവനക്കാരെയും വലയ്ക്കുന്നു.ശുദ്ധജല വിതരണത്തിലെ അപാകതയും വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യവുമാണ് മറ്റൊരു ദുരിതം.ഓർത്തോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുണ്ടെങ്കിലും ഓപ്പറേഷൻ തിയേറ്റർ ഒഴിവില്ലാത്തതിനാൽ അപകടത്തിൽപ്പെട്ട് വരുന്നവർക്ക് ആവശ്യമായ പരിചരണം നല്കാനാവുന്നില്ല.അപകടത്തിൽപ്പെട്ട് ഇവിടെയെത്തുന്നവർ മെഡിക്കൽ കോളേജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം.കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ കൈക്ക് പൊട്ടലേറ്റ് എത്തിയ ചുള്ളാളം സ്വദേശിയായ യുവാവിന് ചികിത്സ ലഭിക്കാത്തത് ഇവിടെ ബഹളത്തിനിടയാക്കിയിരുന്നു.പാലോട്,വെള്ളനാട്, വിതുര,ആര്യനാട്, അരുവിക്കര, കന്യാകുളങ്ങര, പനവൂർ,പെരിങ്ങമ്മല എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നെല്ലാം അപകടം പറ്റിയ രോഗികളെ അടിയന്തര ചികിത്സയ്ക്ക് എത്തിക്കുന്ന ഈ ആശുപത്രിയിലാണ് രോഗികൾ അസൗകര്യങ്ങളിൽ വീർപ്പ്മുട്ടുന്നത്.റേഡിയോളജി വിഭാഗത്തിൽ അൾട്രാ സൗണ്ട് സ്‌കാനിംഗ് നടത്താൻ ജീവനക്കാരില്ല. സ്‌കാനിംഗ് ഉപകരണം ആറ് മാസത്തിനിടെ മൂന്നു വട്ടമാണ് തകരാറിലായത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷ്യനും തകരാറിലാണ്. രണ്ടുമാസത്തിനിടയിൽ നാലുതവണയാണ് ഈ യന്ത്രം തകാരാറിലായത്. ഇതോടെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിൽ തെരുവുനായ്ക്കൾ അലഞ്ഞു തിരിയുന്നതും രോഗികൾക്കും മറ്റും കടിയേൽക്കുന്നതും സ്ഥിരം സംഭവമാണെന്നും ആക്ഷേപമുണ്ട്. ആശുപത്രി വളപ്പിലെ അനധികൃത വാഹന പാർക്കിംഗും മറ്റൊരു പ്രശ്നമാണ്.