marthandam-child-murder

കുഴിത്തുറ : കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം കൊടുംകുളത്തു നിന്ന് കാണാതായ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംകുളം സ്വദേശി സുഭാഷിന്റെ മകൻ ഹരിപ്രസാദാണ് (10) മരിച്ചത്. ജന്മനാൽ സംസാര ശേഷിയില്ലാത്ത കുട്ടിയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ ഹരിപ്രസാദിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ മാർത്താണ്ഡം പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ ഈസമയം വീടിന് സമീപം ഐസ്ക്രീം വിൽക്കാനെത്തിയയാളെ സംശയമുണ്ടെന്നും വീട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് മാർത്താണ്ഡം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നഗർകോവിലിലെ ശാരീരിക വൈകല്യമുള്ള കുട്ടികളുടെ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.

മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് തളർന്നുവീണ ഹരിപ്രസാദിന്റെ അമ്മ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം കുഴിത്തുറ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.