വിഴിഞ്ഞം: മൂന്നു വർഷം മുമ്പ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റതു മുതൽ ഒരു നേരത്തെ ആഹാരത്തിന് പോലും നിവൃത്തിയില്ലാതെ കഴിയുകയാണ് ഉച്ചക്കട പയറ്റുവിളയിൽ താമസിക്കുന്ന വിനോദും (28) കുടുംബവും. അപകടശേഷം അപസ്മാരവും മാനസിക പ്രശ്നങ്ങളും പിടികൂടിയ വിനോദ് ആശുപത്രി കിടക്കയിലാണ് ജീവിതം തള്ളിനീക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ മായയും മക്കളും ഭക്ഷണത്തിനും ചികിത്സാ ചെലവിനുമായി കനിവുള്ളവരുടെ സഹായം തേടുകയാണ്. കൂലിപ്പണിക്കാരനായിരുന്ന വിനോദ് മൂന്നു വർഷം മുൻപ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നിലൂടെ എത്തിയ ഏതോ വാഹനം ഇടിച്ചാണ് പരിക്കേറ്റതെന്ന് മായ പറഞ്ഞു. അപകടത്തിൽപ്പെട്ട് കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ഭാര്യ മായയും, അഞ്ചരയും മൂന്നും വയസുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് വിനോദിന്റെ കുടുംബം. തന്നെ വിനോദ് അനാഥാലയത്തിൽ നിന്നുമാണ് വിവാഹം കഴിച്ചതെന്നും തങ്ങളെ ഈ അവസ്ഥയിൽ സംരക്ഷിക്കാൻ ബന്ധുക്കളാരുമില്ലെന്നും പല ദിവസങ്ങളിലും കുടുംബം പട്ടിണിയിലാണെന്നും മായ പറയുന്നു. മൂത്ത മകളും അസുഖ ബാധിതയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാൽ വാടക വീട്ടിലാണ് താമസം. ഭർത്താവിന്റെ ചികിത്സാ ചെലവിനുപോലും തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണിവർ. സ്വന്തമായി ഒരു കിടപ്പാടത്തിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയെങ്കിലും സ്വന്തം സ്ഥലമില്ലെന്ന കാരണത്താൽ വീട് ലഭിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
ഭർത്താവിന്റെ ചികിത്സാ ചെലവിനായി കരുണയുള്ളവരുടെ സഹായം തേടുകയാണിപ്പോൾ മായ. കനറാ ബാങ്കിന്റെ ബാലരാമപുരം ശാഖയിൽ എന്ന നമ്പരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ, 349810 1001313. IFSC: CNRB3400098. ഫോൺ: 7510924384