തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് മുന്നോടിയായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനത്തിന്റെയും ബന്തവസിന്റെയും ചുമതലയുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയെന്ന് ആക്ഷേപം. ഡിസംബർ 30മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചുമതല വിഭജിച്ച് 25ന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്‌ണൻ ഉത്തരവിറക്കിയിരുന്നു. രണ്ടുദിവസത്തിനു ശേഷം ഉത്തരവ് ഭേദഗതി ചെയ്തു.
സന്നിധാനത്ത് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധു, നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് എന്നിവർക്കാണ് സുരക്ഷാ ചുമതല നൽകിയിരുന്നത്. ഇതിൽ മധുവിനെ ഒഴിവാക്കി കാസർകോട് ജില്ലാ പൊലീസ് മേധാവി ശ്രീനിവാസിന് സന്നിധാനത്ത് ബന്തവസ് ചുമതല നൽകി. പി.കെ.മധുവിനെ നിലയ്ക്കലിലെ ബന്തവസിന്റെ ചുമതലയിലേക്ക് മാറ്റി. എരുമേലിയിൽ എസ്.പി സക്കറിയാ ജോർജ്ജിന് ക്രമസമാധാന ചുമതലയും ചൈത്രാ തെരേസാ ജോണിന് ബന്തവസ് ചുമതലയും നൽകിയിരുന്നെങ്കിലും ഇരുവരെയും ഒഴിവാക്കി. റെയിൽവേ എസ്.പി മെറിൻ ജോസഫിനെ ബന്തവസിന്റെയും എൻ.ആർ.ഐ സെൽ എസ്.പി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാനത്തിന്റെയും ചുമതലയിൽ നിയമിച്ചു.
പമ്പയിൽ ക്രമസമാധാന ചുമതല നൽകിയിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യയെ ഒഴിവാക്കി പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി ബാസ്റ്റിൻ സാബുവിനെ നിയമിച്ചു. നിലയ്ക്കലിൽ ക്രമസമാധാന ചുമതലയിലേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ജെ.ഹിമേന്ദ്രനാഥിനെ മാറ്റിനിയമിച്ചു. ഐ.ജി പി.വിജയനെ ഒഴിവാക്കിയാണ് പമ്പയുടെയും സന്നിധാനത്തിന്റെയും ചുമതല കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് നൽകിയത്.