. ആസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര
വിജയത്തിനായി വിരാടും കൂട്ടരും
ടി വി ലൈവ് : രാവിലെ അഞ്ചുമണിമുതൽ സോണി സിക്സിലും സോണി ടെൻ 3യിലും
സിഡ്നി : പതിനൊന്നാം മണിക്കൂറിലെ പരിക്കുകൾ നൽകിയ നേരിയ ആശങ്കയുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിരാട് കൊഹ്ലി നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഇന്നേവരെ കഴിയാത്തൊരു വിസ്മയ നേട്ടം - ആസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയം- സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണിവർ. സിഡ്നി ടെസ്റ്റിൽ ആസ്ട്രേലിയയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വേണ്ട സമനിലയാക്കിയാലും മതി ചരിത്രം ഇന്ത്യയ്ക്കൊപ്പം നടക്കും. തോൽക്കാതിരിക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് പരമ്പരയിൽ 2-1ന് മുന്നിട്ടുനിൽക്കുന്ന ഇന്ത്യൻ ടീം ഇന്നുമുതൽ സിഡ്നിയിൽ ഇറങ്ങുന്നത്.
നാളിതുവരെയുള്ള ആസ്ട്രേലിയൻ പര്യടനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ഇന്ത്യ കംഗാരുക്കളുടെ നാട്ടിൽ ചിറകടിച്ചെത്തിയത്. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിലെ 31 റൺസ് വിജയം ഇന്ത്യൻ ടീമിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. എന്നാൽ പെർത്തിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ആസ്ട്രേലിയ പരമ്പര സമനിലയിലാക്കി. മെൽബണിലെ മൂന്നാം ടെസ്റ്റിൽ വീണ്ടും ഇന്ത്യയുടെ വിജയഗാഥ. ഇതോടെ 2-1ന് ഇന്ത്യ മുന്നിൽ. പരമ്പര ജേതാക്കൾക്കുള്ള ബോർഡർ ഗാവസ്കർ ട്രോഫി നിലവിലെ ജേതാക്കളെന്ന നിലയിൽ ഇന്ത്യ ഉറപ്പിച്ചതും മെൽബണിലെ വിജയത്തോടെയാണ്.
സ്വന്തം മണ്ണിൽ വിജയങ്ങൾ ശീലമാക്കിയ ഇന്ത്യ വിദേശത്ത് ഇത്രയധികം ആധിപത്യം പുലർത്തുന്നത് കൗതുകം തന്നെയാണ്. ഒരുപക്ഷേ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്ത ; പരിചയസമ്പന്നത തീരെയില്ലാത്ത ആസ്ട്രേലിയൻ ടീമാണ് മുന്നിലുള്ളതെന്നത് കൊഹ്ലിക്കും കൂട്ടർക്കും കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ടാകാം. പക്ഷേ, പെർത്തിൽ ആസ്ട്രേലിയയുടെ ഉയിർത്തെണീപ്പ് അവർ തീർത്തും മോശക്കാരായിട്ടില്ല എന്നതിന്റെ സൂചന തന്നെയായിരുന്നു.
മെൽബണിലെ ഇന്ത്യൻ വിജയം പ്രതികൂല ഘടകങ്ങളെ വെല്ലുവിളിച്ചുകൊണ്ടു കൂടിയുള്ളതായിരുന്നു. സ്ഥിരം ഒാപ്പണർമാരായ മുരളി വിജയയും കെ.എൽ. രാഹുലും ആദ്യ രണ്ട് മത്സരങ്ങളിലും തീർത്തും നിരാശപ്പെടുത്തിയപ്പോൾ മദ്ധ്യനിരയിലെ പരിചയം മാത്രമുള്ള ഹനുമ വിഹാരിക്കൊപ്പം അരങ്ങേറ്റക്കാരൻ മായാങ്ക് അഗർവാളിനെ ഒാപ്പണറാക്കി ധൈര്യം കാട്ടി. ഇൗ തീരുമാനമാണ് നിർണായകമായത്. അരങ്ങേറ്റ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയ മായാങ്ക് ടീമിൽ സ്ഥാനമുറപ്പിക്കുന്ന രീതിയിലുള്ള പ്രകടനമാണ് രണ്ടാം ഇന്നിംഗ്സിലും നടത്തിയത്. വിഹാരിക്ക് വലിയ സ്കോർ ഒന്നും ഉയർത്താനായില്ല. പക്ഷേ, തുടക്കത്തിലെ തന്നെ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ആസ്ട്രേലിയൻ ബൗളർമാരുടെ ക്ഷമ പരീക്ഷിക്കാൻ വിഹാരിക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് അവസാന ടെസ്റ്റിലും ഹനുമ വിഹാരിയും മായാങ്ക് അഗർവാളും ടീമിൽ സ്ഥാനമുറപ്പിച്ചത്.
സിഡ്നി ടെസ്റ്റ് ഇന്ത്യയെക്കാളേറെ സമ്മർദ്ദം നൽകുന്നത് ആസ്ട്രേലിയയ്ക്കാണ്. സ്വന്തം മണ്ണിൽ പരമ്പര കൈവിട്ടുപോകുന്നതിന്റെ പെയ്ൻ താങ്ങാൻ ആസ്ട്രേലിയൻ നായകൻ ടിം പെയ്നിന് കഴിഞ്ഞാലും ആരാധകർക്ക് കഴിയണമെന്നില്ല. അത് തിരിച്ചറിയുന്നതിനാൽ കഴിവിന്റെ പരമാവധി ഉപയോഗിച്ചാകും അവർ ഇന്ത്യയ്ക്കെതിരെ കലാശക്കളിക്കിറങ്ങുക.