തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആഹ്വാനം ചെയ്തതിന് പിന്നാലെ ഇന്നലെ ബി.ജെ.പി -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഏഴ് മണിക്കൂറോളം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. രാവിലെ 11 മണിയോടെ എം.ടി. രമേശ്, ബി.ജെ.പിയുടെ സമരപ്പന്തലിൽ വാർത്താസമ്മേളനം നടത്തിയ ശേഷമാണ് നഗരത്തെ പൂർണമായും നിശ്ചലമാക്കിയ സംഘർഷങ്ങൾ ഉടലെടുത്തത്. 12 മണിയോടെ ബി.ജെ.പിയുടെ നിരാഹാരപ്പന്തലിലേക്ക് അഭിവാദ്യം അർപ്പിച്ച് പ്രവർത്തകർ മാർച്ച് നടത്തി. ഇതിനിടെ പന്തലിന് എതിർവശത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ സമരക്കാർ തകർത്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് മ‌ർദ്ദനമേറ്റു. സമയം 12.30 ആയപ്പോഴേക്കും സെക്രട്ടേറിയറ്റിനുള്ളിലേക്ക് വനിതാമോർച്ചാ പ്രവർത്തകർ കടന്നുകയറാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളിയുമായി ഓടിക്കയറാനായിരുന്നു വനിതാമോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു,​ സ്വപ്‌ന, ജയ രാജീവ്, രാകേന്ദു, കവിത, ശ്രീലത എന്നിവരുടെ ശ്രമം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിച്ച വനിതകളെ തടയാൻ വനിതാ പൊലിസുകാരാരും ഇല്ലായിരുന്നു. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ഒരു മണിയോടെ സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്ന ശേഷം മുദ്രാവാക്യം വിളികളുമായി ബി.ജെ.പി പ്രവർത്തകർ സമരപ്പന്തലിന് എതിർവശത്തുള്ള റോഡ് ഉപരോധിച്ചു. പതിനഞ്ചോളം സ്ത്രീകളടക്കം മുപ്പതോളം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ ഗതാഗതം നിലച്ചു. കിഴക്കേകോട്ടയിൽ നിന്ന് പാളയം ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. സംഘർഷസാദ്ധ്യത ഏറിയതോടെ കൂടുതൽ പൊലീസ് സംഘം സെക്രട്ടേറിയറ്റിന് മുന്നിലെത്തി. അപ്പോഴും സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ പരസ്പരം പോർവിളിക്കുന്നുണ്ടായിരുന്നു. വലിയൊരു സംഘർഷ സാദ്ധ്യത മുന്നിൽ കണ്ട് സെക്രട്ടേറിയറ്റിന് മുന്നിലെ കടകൾ അടച്ചതോടെ ഭക്ഷണമോ വെള്ളമോ കിട്ടാതെ ജനങ്ങൾ വലഞ്ഞു. മന്നം ജയന്തി പ്രമാണിച്ച് സെക്രട്ടേറിയറ്റിന് അവധിയായിരുന്നതിനാൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. 3.30 ആയതോടെ സംഘർഷാവസ്ഥ മൂർദ്ധന്യത്തിലെത്തി. ഇരുപക്ഷവും പരസ്പരം പോർവിളി ആരംഭിച്ചതോടെ സ്റ്റാച്യുവിലെ ബി.എസ്.എൻ.എൽ ഓഫീസ് അധികൃതർ താഴിട്ട് പൂട്ടി. നാലര മണിയായതോടെ ഇരുപക്ഷവും തമ്മിൽ കല്ലേറുണ്ടായതോടെ പൊലീസ് കണ്ണീർവാതക ഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചു. കല്ലേറിനിടെ ഷാഡോ പൊലീസ് സംഘത്തിലെ ഷിബുവിന് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് സ്ഥലത്തെത്തി. പിന്നാലെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി സ്ഥലത്തെത്തി കമ്മിഷണറുമായി ചർച്ച നടത്തി. തുടർന്ന് മുദ്രാവാക്യം വിളികളുമായി ശിവൻകുട്ടിക്കൊപ്പം പ്രവർത്തകർ ജി.പി.ഒയിലേക്ക് പോയതോടെ സംഘർഷത്തിന് അയവുണ്ടായി.