തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായി. മറുവശത്ത് തടിച്ചുകൂടിയ സി.പി.എം-എസ്.എഫ്.ഐ പ്രവർത്തകരും പ്രതിഷേധക്കാരും നേർക്കുനേർ എത്തിയതോടെ സെക്രട്ടേറിയറ്റിന് മുൻവശത്തെ റോഡ് യുദ്ധക്കളമായി മാറി. സംഘർഷമൊഴിവാക്കാൻ പൊലീസിന് പലതവണ ഗ്രനേഡും ടിയർഗ്യാസും പ്രയോഗിക്കേണ്ടി വന്നു. കല്ലേറിൽ ഷാഡോ പൊലീസ് അംഗം ഷിബുവിന്റെ തലപൊട്ടി. ആറ് മാദ്ധ്യമപ്രവർത്തകരെ ബി.ജെ.പിക്കാർ വളഞ്ഞിട്ട് ആക്രമിച്ചു. വാഹനഗതാഗതം ഏഴുമണിക്കൂറോളം തടസപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബി.ജെ.പി പ്രവർത്തകർ പുളിമൂട് ജംഗ്ഷനിൽ നിന്നാണ് പ്രകടനം തുടങ്ങിയത്. പ്രകടനം തെക്കേ ഗേറ്റിന് എതിർവശത്തുള്ള ദേശീയപണിമുടക്ക് സംഘാടക സമിതി ഓഫീസിന് സമീപമെത്തിയപ്പോൾ, അവിടെ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫിന്റെ ഫ്ളക്സ് ബോർഡുകൾ പ്രകടനക്കാർ തകർത്തു. മാധവരായർ പ്രതിമയ്ക്ക് സമീപത്ത് മുഖ്യമന്ത്രിയുടെ ബോർഡുകൾ തകർക്കുന്നത് കാമറയിൽ പകർത്തുമ്പോഴാണ് കൈരളി ടി.വി കാമറാ വുമൺ ഷാജിലയെയും മാതൃഭൂമി കാമറാമാൻ ബിജുവിനെയും പ്രകടനക്കാർ ആക്രമിച്ചത്. ബിജുവിന്റെ കാമറ ആക്രമണത്തിൽ തകർന്നു. നോർത്ത് ഗേറ്റിന് സമീപം എത്തിയതോടെ ന്യൂസ് 18 കാമറ ടെക്നിഷ്യൻ സന്തോഷ്, മീഡിയ വൺ കാമറാമാൻ രാജേഷ്, ഡെക്കാൺ ക്രോണിക്കിൾ ഫോട്ടോഗ്രാഫർ പീതാംബരൻ പയ്യേരി, സുപ്രഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്ത് എന്നിവർക്ക് മർദ്ദനമേറ്റു. നേതാക്കൾ ഇടപെട്ടാണ് മാദ്ധ്യമപ്രവർത്തകരെ രക്ഷപ്പെടുത്തിയത്.

തുടർന്ന് ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ശരണംവിളി തുടങ്ങി. ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടിയും സ്ഥലത്തെത്തി. സമരക്കാർ നശിപ്പിച്ച ഫ്ളക്സ് ബോർഡുകൾ വീക്ഷിച്ച ശേഷം സംഭവത്തിലുള്ള പ്രതിഷേധം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു. ഇതിനിടെ സമരപ്പന്തലിൽ നിന്ന് കൂക്കുവിളി ഉയരുന്നുണ്ടായിരുന്നു. രണ്ട് മണിയായപ്പോഴേക്കും പണിമുടക്ക് സംഘാടക സമിതി ഓഫീസ് പരിസരത്ത് എസ്.എഫ്.ഐ -സി.പി.എം പ്രവർത്തകർ തടിച്ചുകൂടി. ബി.ജെ.പിയുടെ ഫ്ളക്സ് ബോർഡുകൾ അവരും തകർത്തു. കൊടികൾ കത്തിച്ചു. അതോടെ ഇരു ഭാഗത്തു നിന്നും കല്ലേറു തുടങ്ങി. തടിക്കഷണങ്ങളും കുപ്പികളും എറിയുന്നുണ്ടായിരുന്നു. അന്തരീക്ഷം കലുഷമാവുമെന്ന് കണ്ടതോടെ പൊലീസ് ഇരുവർക്കുമിടയിൽ മതിൽ തീർത്തു. ഇരുപക്ഷവും ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയതോടെ രണ്ട് ഭാഗത്തേക്കും പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയതോടെയാണ് ഇരുപക്ഷവും മാറിയത്.