ashique-kurunian-football
ashique kurunian football

എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിലെ രണ്ട് മലയാളികളിലൊരാളാണ് 21 കാരനായ ആഷിഖ് കുരുണിയൻ. പരിചയസമ്പന്നനായ ഡിഫൻഡർ അനസ് എടത്തൊടികയാണ് മറ്റൊരു മലയാളി.

മലപ്പുറത്തെ ഒരുപാവപ്പെട്ട കുടുംബത്തിൽ അഞ്ചാമത്തെ മകനായി ജനിച്ച ആഷിഖ് എട്ടാംക്ളാസിൽ പഠനമുപേക്ഷിച്ച് കുടുംബം പുലർത്താൻ പിതാവിനൊപ്പം കരിമ്പിൻ ജ്യൂസ് കടയിൽ ജോലിക്കിറങ്ങിയതാണ്. വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് മൈതാനങ്ങളിലേക്ക് കുതിച്ചിരുന്ന ആഷിഖിനെ കേരള ഫുട്ബാൾ അസോസിയേഷന്റെ വിഷൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഇന്ത്യൻ ഫുട്ബാളിന് ലഭിച്ചത്.

2014 ൽ പൂനെയിലെ അക്കാഡമിയിലെത്തിയ ആഷിഖ് പിന്നീട് ഐ.എസ്.എൽ ക്ളബ് പൂനെ സിറ്റി എഫ്.സിയുടെ അക്കാഡമിയിലെത്തി. 2016 ഒക്ടോബറിൽ സ്പെയ്നിൽ പരിശീലനം നടത്തിയെങ്കിലും നാലുമാസത്തിന് ശേഷം പരിക്ക് മൂലം മടങ്ങേണ്ടിവന്നു.

2017 മുതൽ പൂനെ സിറ്റി എഫ്.സിയുടെ മുന്നേറ്റ നിരയിൽ കളിക്കുന്നു.

യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി കപ്പിന്റെ തയ്യാറെടുപ്പുകളെപ്പറ്റി ആഷിഖ് സംസാരിക്കുന്നു.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടൂർമെന്റാണ് എ.എഫ്.സി ഏഷ്യൻ കപ്പ്. ഇൗ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ അംഗമാകാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ സന്തോഷമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഇൗ ടൂർണമെന്റിന് യോഗ്യത നേടുന്നത്. എനിക്ക് എ.എഫ്.സി കപ്പിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. ഭാഗ്യം കൊണ്ടാണ് ഇൗ അവസരം ലഭിച്ചത്.

ടൂർണമെന്റിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ തൃപ്തികരമാണ്. ടീമെന്ന നിലയിലും വ്യക്തിപരമായ സ്കിൽസിന്റെ കാര്യത്തിലും ഏറെ മെച്ചപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ക്യാമ്പിലെത്തിയതുമുതൽ നിരവധി കാര്യങ്ങൾ പഠിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കളിയിൽ എന്തെങ്കിലും പിഴവുകൾ കണ്ടാൽ അത് ചൂണ്ടിക്കാട്ടി തിരുത്താൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ മുന്നിലുണ്ടാകും. എന്നിൽനിന്ന് എന്താണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്.

എന്റെ കരിയറിൽ ഞാൻ കണ്ട ഏറ്റവും മികച്ച പരിശീലകനാണ് കോൺസ്റ്റൈന്റൻ. ഒാരോ കളിക്കാരെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഇന്ത്യൻ താരങ്ങൾ ഇതുവരെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും ഇനി എന്തൊക്കെ ചെയ്യാനാകുമെന്നും അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന്റെ രീതിക്ക് ഇന്നത്തെ കളിക്കാരെ തിരഞ്ഞെടുക്കാനും അറിയാം.

വിംഗറായും വിംഗ് ബാക്കായും എന്നെ കോച്ച് പരീക്ഷിക്കാറുണ്ട്. ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യണം. ഇൗ സീസണിൽ 12 മത്സരങ്ങളിൽ ഞാൻ പൂനെ സിറ്റിക്കുവേണ്ടി കളിച്ചു. ആക്രമണവും പ്രതിരോധവും വഴങ്ങുമെന്ന് തെളിഞ്ഞു.

ഐ.എസ്.എല്ലും എ.എഫ്.സി കപ്പും താരതമ്യം ചെയ്യാനാവില്ല. ദേശീയ ടീമിനുവേണ്ടി കളിക്കുന്നത് വലിയ അനുഭവമാണ്. വലിയ എതിരാളികളെയാണ് ഇവിടെ നേരിടേണ്ടത്.