തിരുവനന്തപുരം: സുപ്രീംകോടതി വിധി മറികടന്ന് ശബരിമല നട അടച്ചതിന് ഉത്തരവാദികൾ ആരായാലും കണക്ക് പറയേണ്ടി വരുമെന്ന്, ശബരിമല തന്ത്രിയെ പേരെടുത്ത് പറയാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേവസ്വംബോർഡിന്റെ അനുമതി ഇല്ലാതെയാണ് നടയടച്ചത്. കോടതിവിധിക്കും കോടതിനിയമങ്ങൾക്കും എതിരായ നടപടിയാണിത്. കാരണക്കാർ തന്ത്രിയായാലും മേൽശാന്തിയായാലും സമാധാനം പറയേണ്ടി വരും. കോടതിവിധികൾക്ക് പരിഹാരക്രിയകളില്ല.
വനിതാ മതിൽ വിജയിച്ചതിന് തൊട്ടടുത്ത ദിവസം യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിൽ അസ്വാഭാവികതയില്ല. ശബരിമലയിലേക്കുള്ള സമയം തിരഞ്ഞെടുത്തത് യുവതികൾ തന്നെയാണ്. ഇടത് ജനാധിപത്യമുന്നണിക്ക് ശക്തമായ ജനപിന്തുണയുണ്ട്. കോടതിവിധി നടപ്പാക്കുന്നത് ചതിയാണെന്ന് ശ്രീധരൻപിള്ളയെ പോലൊരാൾ പറയുമ്പോൾ അദ്ദേഹത്തിന്റെ നിയമജ്ഞാനത്തെക്കുറിച്ച് പരിഹാസം തോന്നും. ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണ്. ഏതെങ്കിലും യുവതികൾ അവിടെ പ്രവേശിക്കണമെന്ന് പറഞ്ഞാൽ അവർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്നും കാനം വ്യക്തമാക്കി.