തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ചട്ടങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ടോം ജോസിന് നിർദ്ദേശം നൽകി.
കെ.എ.എസ് സംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കിയാൽ ഒരാഴ്ചയ്ക്കകം പരീക്ഷാ ഘടനയോടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി തയ്യാറാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ അറിയിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
സംവരണ റൊട്ടേഷൻ മാനദണ്ഡം ഇപ്പോഴുള്ളതുപോലെയേ തുടരാനാകൂ എന്ന് പി.എസ്.സി അറിയിച്ചുവെങ്കിലും സർക്കാരിൽ നിന്നു മറുപടിയൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യവും ചെയർമാൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് സംവരണം നൽകാൻ ഉദ്ദേശിക്കുന്നതെന്നും രണ്ട് മൂന്ന് ശ്രേണികളിൽ സംവരണം നൽകേണ്ടതില്ലെന്നുമുള്ള നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. കെ.എ.എസിൽ മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷാഘടനയ്ക്ക് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്സ്-സർവീസുകാർ, വിധവകൾ തുടങ്ങിയവർക്ക് പി.എസ്.സി പരീക്ഷയിൽ പ്രായപരിധി ഇളവുണ്ടെങ്കിലും കെ.എ.എസിൽ അക്കാര്യം പറയുന്നില്ല.