തിരുവനന്തപുരം: ഒരേസമയം രണ്ട് വിമാനങ്ങൾ ലാൻഡ് ചെയ്തെങ്കിലും കൂട്ടിയിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ ഉത്കണ്ഠയിലാക്കിയ സംഭവം നടന്നത്. പൈലറ്റിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും മനഃസാന്നിദ്ധ്യമാണ് കൂട്ടിയിടി ഒഴിവാക്കിയത്.
രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തെത്തിയ സൗദി എയർലൈൻസിന്റെ ജിദ്ദ - തിരുവനന്തപുരം - കോഴിക്കോട് വിമാനവും ഇന്ത്യൻ എയർലൈൻസിന്റെ ഡൽഹി - കൊച്ചി - തിരുവനന്തപുരം വിമാനവും ഒരേസമയം റൺവേയിലേക്ക് പറന്നെത്തിയതാണ് കുഴപ്പമായത്. നിരവധി സിനിമാതാരങ്ങളും ഉയർന്ന ഉദ്യോഗസ്ഥരും കൊച്ചി വിമാനത്തിലുണ്ടായിരുന്നു.
ട്രാഫിക് മാനേജ്മെന്റിന് സംഭവിച്ച വീഴ്ചയാണിതിനിടയാക്കിയത്. ജിദ്ദ വിമാനം ലാൻഡ് ചെയ്യാൻ താഴ്ന്നതിനുശേഷമാണ് കൊച്ചി - തിരുവനന്തപുരം വിമാനം ലാൻഡ് ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് വിഭാഗം മനസിലാക്കിയത്. ഉടൻ പൈലറ്റിന് വിവരം കൈമാറിയതോടെ താഴ്ന്നുതുടങ്ങിയ ഫ്ളൈറ്റ് വീണ്ടും ഉയർത്തി. പിന്നീട് ഒന്നരമണിക്കൂറിനുശേഷമാണ് ഇൗ വിമാനം നിലംതൊട്ടത്. യാത്രക്കാരാണ് സംഭവം പുറത്തറിയിച്ചത്. എന്നാൽ, ട്രാഫിക് വിഭാഗം കൂടി മാനേജ് ചെയ്യുന്ന എയർപോർട്ട് ഡയറക്ടർ അത് നിഷേധിച്ചു.