തിരുവനന്തപുരം: യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ തന്ത്രി നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാലംഘനത്തിനും കോടതിയലക്ഷ്യത്തിനും തന്ത്രിക്കെതിരെ നടപടിയെടുക്കണം. സുപ്രീംകോടതി വിധിയെയാണ് തന്ത്രി നടയടച്ച് വെല്ലുവിളിച്ചിരിക്കുന്നത്. സർക്കാരും തന്ത്രിയും ദേവസ്വംബോർഡും വിധി നടപ്പാക്കാൻ നടപടിയെടുക്കേണ്ടവരാണ്. കേസിൽ തന്ത്രിയും ദേവസ്വംബോർഡും കക്ഷികളുമായിരുന്നു.
പ്രതിഷേധക്കാർക്കെതിരെ ബലം പ്രയോഗിച്ച് സ്ത്രീകളെ കയറ്റാൻ ശ്രമിക്കില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്.
കലാപവും അക്രമവും കെട്ടഴിച്ചുവിടുന്ന സംഘപരിവാർ നടപടി പ്രാകൃതവും രാജ്യദ്രോഹവുമാണ്. സ്ത്രീകൾ അയ്യപ്പനെ ദർശിച്ചതിന് ഹർത്താൽ നടത്തുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. വനിതാ മതിലിന്റെ വൻ വിജയത്തെ തുടർന്ന് കാസർകോട്ടും മറ്റും ചൊവ്വാഴ്ച വൈകിട്ട് തലപൊക്കിയ ആക്രമണം സംസ്ഥാനത്തൊട്ടാകെ ആസൂത്രിതമായി വ്യാപിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സമാധാന ജീവിതം തകർക്കാനുള്ള നീക്കത്തെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.