sabarimala

തിരുവനന്തപുരം ശബരിമലയിൽ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ബി.ജെ.പിയുടെ പ്രതിഷേധത്തിനിടെ സെക്രട്ടേറിയറ്റിൽ വൻ സുരക്ഷാവീഴ്ച. ബി.ജെ.പിയുടെ സമരത്തിന് അഭിവാദ്യം അർപ്പിച്ചെത്തിയ വനിതാമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ളോക്കിലേക്ക് മുദ്രാവാക്യം വിളിയുമായി ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസ് അവരെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. കന്റോൺമെന്റ് ഗേറ്റ് വഴിയാണ് വനിതാമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദുവിന്റെ നേതൃത്വത്തിൽ സ്വപ്‌ന, ജയ രാജീവ്, രാകേന്ദു, കവിത, ശ്രീലത എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസനടുത്ത് വരെയെത്തിയത്.

സംഭവത്തിന് ശേഷം വാഹനത്തിൽ പുറത്തേക്ക് പോയ മുഖ്യമന്ത്രിയെ വനിതാമോർച്ച, യുവമോർച്ച പ്രവർത്തകർ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിച്ച വനിതകളെ തടയാൻ വനിതാ പൊലീസുകാർ ഇല്ലാതിരുന്നതാണ് സുരക്ഷാവീഴ്‌ചയ്‌ക്കിടയാക്കിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ ഗേറ്റിലേക്ക് മാർച്ചുണ്ടാകുമെന്ന പ്രതീക്ഷയിൽ വനിതാ പൊലീസടക്കം ഭൂരിപക്ഷം പൊലീസുകാരെയും അവിടെ വിന്യസിച്ചിരിക്കുകയായിരുന്നു.