തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ പൂന്തുറ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥികൾക്ക് നാട് കണ്ണീരോടെ വിട ചാല്ലി. ജീവിച്ചു കൊതി തീരും മുമ്പേ മരണം കവർന്നെടുത്ത കൗമാരക്കാരുടെ അകാല വിയോഗത്തിൽ നാട് ഒന്നായി തേങ്ങി. ദുഃഖം തളംകെട്ടി നിന്ന അന്തരീക്ഷത്തിൽ ഇബ്രാഹിം ബാദുഷ (17), റമീസ് ഖാൻ (17), നവാബ് ഖാൻ (17), ബിസ്മില്ല (17) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് ബീമാപള്ളി ജുമാ മസ്ജിദിൽ നടന്ന അന്ത്യകർമ്മങ്ങൾക്കു ശേഷം കബറടക്കി. നാടിന്റെ വിവിധ ഇടങ്ങളിൽ നിന്നും കുട്ടികളെ അവസാനമായി ഒരുനോക്ക് കാണാൻ ജനം ബീമാപള്ളിയിലേക്ക് ഒഴുകി. കുട്ടികളുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസുകൾ ഒന്നൊന്നായി എത്തിയപ്പോൾ അതുവരെ അടക്കിപ്പിടിച്ച നൊമ്പരം ഹൃദയഭേദകമായ നിലവിളിക്ക് വഴിമാറി. വിളിപ്പാടകലെയാണ് മരണത്തിലും പിരിയാത്ത ചങ്ങാതിമാരുടെ വീടുകൾ. കരഞ്ഞുകലങ്ങിയ മിഴികളുമായി നിന്ന ബന്ധുക്കൾക്കും ഉറ്റവർക്കും ഇടയിലൂടെ എത്തിച്ച മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചു. പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാൻ മനക്കരുത്തില്ലാതെ നിലവിളിക്കുകയായിരുന്നു മാതാപിതാക്കൾ. ബന്ധുക്കൾ താങ്ങിയെടുത്താണ് അവരെ മകന്റെ ചേതനയറ്റ ശരീരത്തിനരികിൽ എത്തിച്ചത്. മരണത്തിനും മായ്ക്കാത്ത പുഞ്ചിരിയുമായി മഞ്ചത്തിൽ കിടന്ന പൊന്നുമോന്റെ മുഖം കണ്ടമാത്രയിൽ അലമുറയിട്ടു രക്ഷിതാക്കൾ. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഒപ്പമുള്ളവരും കരഞ്ഞു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനും കുമാരപുരം ജുമാ മസ്ജിദിലെ മയ്യത്ത് കുളിക്കും ശേഷം ഇന്നലെ ഉച്ചയ്ക്കു മൂന്നരയോടെയാണ് മൃതദേഹങ്ങൾ ബീമാപള്ളിയിലെ വീടുകളിൽ എത്തിച്ചത്. നാല് ആംബുലൻസുകളിലായി വീടുകളിൽ എത്തിച്ച മൃതദേഹത്തിൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലിയർപ്പിച്ചു. വീട്ടിൽ പത്തു മിനിട്ട് നേരത്തെ പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും ശേഷം വിലാപയാത്രയായി മൃതദേഹങ്ങൾ ബീമാപള്ളി മുസ്ലിം ജമാ അത്ത് പള്ളിയിലേക്ക് എത്തിച്ചു. പള്ളിയിലെ പൊതുദർശനത്തിൽ നാലുപേരുടെയും സുഹൃത്തുക്കൾ, അദ്ധ്യാപകർ, നാട്ടുകാർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു. മയ്യത്ത് നമസ്‌കാരത്തിനും അന്ത്യകർമ്മത്തിനും മൃതദേഹങ്ങൾ കബർസ്ഥാനിലേക്ക് എടുത്തപ്പോൾ പള്ളിക്കകത്തും പുറത്തും നാടാകെയും ഏങ്ങലടികൾ മുഴങ്ങി.
കൂട്ടുകാരെ കൺമുന്നിൽ കടലെടുക്കുന്നത് കണ്ട് നിസഹായരായി നിലവിളിച്ചു നിൽക്കേണ്ടി വന്ന അബ്ദുൾ റഹീമിന്റെയും ജസീർഖാന്റെയും മിഴികൾ അപ്പോഴും തോർന്നിരുന്നില്ല. ഒന്നും മിണ്ടാതെ ഉള്ളുരുകി നിൽക്കുകയായിരുന്നു ഇരുവരും. ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പ്രയാസപ്പെട്ടു. മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അലി മുക്താറിനെ ഇതുവരെ സുഹൃത്തുക്കളുടെ മരണവിവരം അറിയിച്ചിട്ടില്ല. നാടിനെ നടുക്കിയ ദുരന്തത്തെ തുടർന്ന് പ്രദേശത്ത് ഇന്നലെ ഹർത്താലാചരിച്ചു. പുതുവർഷ ദിനത്തിൽ ഉച്ചയോടെ പൂന്തുറ പൊഴിക്കരയിൽ കുളിക്കാനെത്തിയ ബീമാപള്ളി സ്വദേശികളായ ഏഴംഗ സംഘത്തിലെ നാലുപേരാണ് ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. നാല് മണിയോടെയായിരുന്നു ഇവർ അപകടത്തിൽപ്പെട്ടത്.