kodikunnil-suresh

തിരുവനന്തപുരം: അതീവ രഹസ്യമായി പൊലീസ് സംരക്ഷണയിൽ കനകദുർഗയെയും ബിന്ദുവിനെയും ദർശനത്തിന് സൗകര്യമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പൊലീസിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇരുമുടിക്കെട്ടില്ലാതെയും പതിനെട്ടാം പടി ചവിട്ടാതെയും ആചാര ലംഘനത്തിനായി ഇരുവരെയും സന്നിധാനത്ത് സോപാനത്തിലെത്തിച്ചത്.
പൂങ്കാവനത്തെ കളങ്കപ്പെടുത്തിയ പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ തുടരാൻ യോഗ്യതയില്ല. വനിതാമതിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനാണെന്ന യു.ഡി.എഫിന്റെ ആരോപണം ശരിയായി. വിധ്വംസകശക്തികളും വർഗീയശക്തികളും ഈ വിഷയത്തെ പരമാവധി മുതലെടുപ്പിന് ശ്രമിക്കുന്നു. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ധാർഷ്ഠ്യവുമാണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.