തിരുവനന്തപുരം: 'ക്ലാസിലായാലും പുറത്തായാലും ഇബ്രാഹിമിനും ബിസ്‌മില്ലയ്ക്കുമൊപ്പം എപ്പോഴും ഞങ്ങൾ രണ്ടുപേരും ഉണ്ടാകാറുള്ളതാ, അന്ന് കുളിക്കാനും പോകേണ്ടതായിരുന്നു. പക്ഷേ ഫോൺ കേടായതു കാരണം അവർ പോയത് അറിഞ്ഞില്ല'. ഇത്രയും പറയുമ്പോഴേക്കും അൻസാരിയും അൽ അമീനും വിങ്ങിപ്പൊട്ടി. ബീമാപള്ളി ബീമാ മാഹിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളാണ് പൊഴിക്കരയിൽ കടലിൽ മുങ്ങിമരിച്ച ഇബ്രാഹിമും ബിസ്മില്ലാഖാനും. ക്ലാസിലെ നാലാം ബെഞ്ചിൽ ഇരുവർക്കും ഒപ്പമിരുന്ന് പഠിക്കുന്നവരാണ് അൻസാരിയും അൽ അമീനും. ഇബ്രാഹിമും ബിസ്മില്ലയും ക്ലാസ് കഴിഞ്ഞ് പൊഴിക്കരയിൽ കുളിക്കാൻ പോകുന്ന കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു. 'എടാ അവിടെ അപകടമാ, പോകണ്ട' എന്ന് അൽ അമീൻ വിലക്കുകയും ചെയ്തിരുന്നു. പക്ഷേ വിധി മറ്റൊന്നായി. സുഖമില്ലാതിരുന്നതിനാൽ അൻസാരി തിങ്കളാഴ്ച ക്ലാസിൽ പോയിരുന്നില്ല. ഇത്രയും ദിവസം എല്ലാ കാര്യത്തിലും ഒരുമിച്ചുണ്ടായിരുന്നിട്ടും പെട്ടെന്ന് കൂടെയില്ലാത്ത ഒരു ദിവസം ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതിന്റെ ആഘാതം അൻസാരിയെയും അൽ അമീനെയും വിട്ടുപോകുന്നില്ലായിരുന്നു. ഇരുവരും വിങ്ങിപ്പൊട്ടിയാണ് പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി കാണാൻ പള്ളിയങ്കണത്തിൽ എത്തിയത്. ഫുട്‌ബാളും ഡാൻസുമാണ് പഠനം കഴിഞ്ഞാൽ ഇബ്രാഹിമിനും ബിസ്മില്ലയ്ക്കും ഏറെയിഷ്ടം. പഠിക്കാനായാലും കളിക്കാനായാലും ഒരുമിച്ചുണ്ടാകും. അൻസാരിയുടെ മൊബൈൽ ഫോൺ വെള്ളത്തിൽവീണ് കേടായതുകൊണ്ടാണ് തിങ്കളാഴ്ച കൂട്ടുകാർ പൊഴിക്കരയ്ക്ക് പോയത് അറിയാതിരുന്നത്. അന്ന് വൈകിട്ടാണ് കൂട്ടുകാരുടെ അപകടവിവരം അറിയുന്നത്. ഉടൻ അൻസാരി ബീമാപള്ളിയിൽ നിന്ന് പൊഴിക്കരയിലെത്തി. ക്ലാസ് ടീച്ചറായ ഷംലയുടെയും സ്‌കൂളിലെ മറ്റ് അദ്ധ്യാപകരുടെയും പ്രിയവിദ്യാർത്ഥികളായിരുന്നു ഇരുവരും. അപകടത്തിൽ മരിച്ച ഇതേ സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥികളായ റമീസ് ഖാനും നവാബ് ഖാനും സഹപാഠികൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവരായിരുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജെസീർ ഖാനും അബ്ദുൽ റഹീമും പ്രിയകൂട്ടുകാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പള്ളിയിലെത്തിയിരുന്നു. തൊട്ടു തലേ ദിവസം വരെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ഇനി ഒപ്പമില്ലെന്ന ആഘാതത്തിൽ നിന്ന് ഇരുവരും മുക്തരായിരുന്നില്ല. വാവിട്ടു കരഞ്ഞ ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും ഒപ്പമുണ്ടായിരുന്ന മറ്റു കൂട്ടുകാരും നന്നേ പാടുപെട്ടു. മരണത്തിലും വേർപിരിയാത്ത സുഹൃത്തുക്കളുടെ അന്ത്യനിദ്ര‌യും ഒരുമിച്ചാണ്. ബീമാപള്ളി കബർസ്ഥാനിൽ അടുത്തടുത്തായാണ് ഇബ്രാഹിമിന്റെയും റമീസ്ഖാന്റെയും ബിസ്മില്ലാ ഖാന്റെയും നവാബ്ഖാന്റെയും മൃതദേഹം സംസ്‌കരിച്ചത്.