തിരുവനന്തപുരം: കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായ നാല് കുട്ടികളെയാണ് കടൽ കവർന്നത്. നാല് പേരും സാധാരണ കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇബ്രാഹിം ബാദുഷ, റമീസ് ഖാൻ, നവാബ് ഖാൻ, ബിസ്‌മില്ലാ ഖാൻ. കടലെടുത്ത നാല് പേരും ഉറ്റവർക്ക് താങ്ങായി മാറേണ്ടവരായിരുന്നു. നവാബ് ഖാനെ ഒരുനോക്ക് കാണാൻപോലും പിതാവ് ഷാനവാസിനായില്ല. ഗൾഫിലുള്ള ഷാനവാസ് വ്യാഴാഴ്ചയേ നാട്ടിലെത്തൂ. വീടിന്റെ തേക്കാത്ത ചുമരുകൾ പറയാതെ പറയും നവാബിന്റെ കുടുംബത്തിന്റെ അവസ്ഥ. രണ്ട് സഹോദരിമാരാണ് നവാബിനുള്ളത്. ഷാനിഫയും സർഫാനയും. ഇരുവരും വിദ്യാർത്ഥിനികളാണ്. ഷൈമയാണ് ഉമ്മ. ഉമ്മ റഹീമയും സഹോദരങ്ങളായ റഹീന, മുഹമ്മദ്, നജുമ ഫർസാന എന്നിവരും ഉൾപ്പെട്ടതാണ് ബിസ്മില്ലാഖാന്റെ കുടുംബം. പിതാവ് ബാദുഷ നേരത്തേ മരിച്ചു. മത്സ്യത്തൊഴിലാളിയാണ് റമീസ്ഖാന്റെ പിതാവ് അബ്ദുൾ റഹ്മാൻ. ഉമ്മ: സുലേഖ ബീവി. സഹോദരങ്ങൾ: അയൂബ് ഖാൻ, മുഹമ്മദ് ഖാൻ. ആട്ടോ ഡ്രൈവറായിരുന്ന ഇബ്രാഹിമിന്റെ അച്ഛൻ മുഹമ്മദ് റഫീഖിന് സുഖമില്ലാതായതിനെ തുടർന്ന് ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. അമ്മ: ഫൗസിയ. സഹോദരി: ഷംസുന്നിസ. കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ അടിയന്തര ധനസഹായമായി 10000 രൂപ കൈമാറി. തഹസിൽദാർ ജി.കെ. സുരേഷ് കുമാറാണ് നാല് കുടുംബങ്ങൾക്കും തുക കൈമാറിയത്. ഡെപ്യൂട്ടി തഹസിൽദാർ ശ്രീകണ്ഠൻ നായർ, വില്ലേജ് ഓഫീസർ ഷൈലജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. അധിക ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ കുടുംബ സാഹചര്യത്തെ കുറിച്ച് പഠിച്ച് തഹസിൽദാർ ഉടൻ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.