മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ കൈപിടിച്ചുയർത്തിയ പരിശീലകൻ രമാകാന്ത് അച്‌രേക്കർ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി കഴിയുകയായിരുന്ന അദ്ദേഹം മുംബയ് ദാദറിലെ ശിവാജി പാർക്ക് മൈതാനത്തിന് സമീപത്തുള്ള വസതിയിൽ വച്ചാണ് നന്നലെ രാത്രി അന്ത്യശ്വാസം വലിച്ചത്.
ചെറുപ്പകാലത്ത് ജേഷ്ഠൻ അജിത് ടെൻഡുൽക്കറാണ് സച്ചിനെ അച്‌രേക്കറുടെ അടുത്ത് എത്തിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായുള്ള സച്ചിന്റെ വളർച്ച അദ്ദേഹത്തിന്റെ അടുക്കൽ നിന്നായിരുന്നു. സച്ചിന് വിദഗ്ദ്ധ പരിശീലനം നൽകാനായി വിവിധ ഗ്രൗണ്ടുകളിൽ കൊണ്ടുപോകാൻ മുൻകൈയെടുത്തതും അദ്ദേഹമാണ്. അന്ന് തുടങ്ങിയ ബഹുമാനം ഇക്കാലം വരെയും സച്ചിൻ അദ്ദേഹവുമായി പുലർത്തിപ്പോന്നിരുന്നു. ഗുരുശിഷ്യബന്ധത്തിന്റെ ഉദാത്ത മാതൃകയായിരുന്നു സച്ചിനും അച്‌രേക്കറും.
സച്ചിൻ കളിക്കളത്തിൽ മികവ് കാട്ടുമ്പോൾ അഭിനന്ദന വാക്കുകൾ ചൊരിയാൻ മടിച്ചിരുന്ന അച്‌രേക്കർ സച്ചിന് ഇഷ്ടപ്പെട്ട വടാപാവ് വാങ്ങിക്കാെടുത്താണ് സ്നേഹം പ്രകടിപ്പിച്ചിരുന്നത്. സച്ചിൻ വടാപാവിന്റെ ആരാധകനായി മാറിയതും അങ്ങനെയാണ്. സച്ചിൻ സമയം കിട്ടുമ്പോഴൊക്കെ ഗുരുവിനെ സന്ദർശിക്കുമായിരുന്നു.
2010 ൽ രാജ്യം അച്‌രേക്കറിനെ പത്മശ്രീ നൽകി ആദരിച്ചു. 1990 ൽ ദ്രോണാചാര്യപുരസ്കാരം നേടിയിട്ടുണ്ട്. വിനോദ് കാംബ്ളി, പ്രവീൺ ആംറെ, സമീർദിഗെ, ബൽവീന്ദർ സിംഗ് സന്ധു എന്നിവരെയും പരിശീലിപ്പിച്ചിട്ടുണ്ട്.