സ്വന്തം വീട്ടിൽ പോലും ഒറ്റപ്പെട്ട് ജീവിതം മടുത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ വന്ന് ദേഹത്തു പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത ഒരു ഹതഭാഗ്യന്റെ പേരിലും ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ഹർത്താൽ സംഘടിപ്പിച്ചപ്പോഴാണ് ഹർത്താലിനെതിരെ സമൂഹത്തിൽ ശക്തമായ അഭിപ്രായ രൂപീകരണമുണ്ടായത്. ജനജീവിതം നിശ്ചലമാക്കുകയും സംസ്ഥാനത്തിന്റെ നാനാതരത്തിലുമുള്ള പുരോഗതിയെ ഹനിക്കുകയും ചെയ്യുന്ന ഈ പ്രതിലോമ സമരമുറക്കെതിരെ വിവിധ മേഖലകളിൽ നിന്ന് ചെറുത്തുനില്പുണ്ടായി.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് തൊണ്ണൂറ്റി ഏഴ് ഹർത്താലുകളാണ് നടന്നത്. അവയിൽ ബഹുഭൂരിപക്ഷവും പ്രാദേശിക തലത്തിലുള്ളവയായിരുന്നു. സംസ്ഥാന വ്യാപകമായും ആഘോഷിച്ചു നിരവധി ഹർത്താലുകൾ. ഹർത്താൽ കൊണ്ടു മടുത്ത വ്യാപാരികൾ സംഘടിച്ച് ഇനി ആര് ഹർത്താൽ നടത്തിയാലും തങ്ങൾ കടകൾ തുറക്കുമെന്നു പ്രഖ്യാപിച്ചു. വ്യാപാരി സംഘടനകൾക്കു പിന്നാലെ അനവധി സംഘടനകൾ ഇതേ പ്രതിജ്ഞയുമായി രംഗത്തു വന്നപ്പോൾ ജനങ്ങളും സന്തോഷിച്ചു. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ഹർത്താൽ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലൂടെയാണ് സംസ്ഥാനം ഇന്നലെ കടന്നുപോയത്. ശബരിമല കർമ്മസമിതിയുടെയും ബി.ജെ.പിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങൾ അരങ്ങേറി. ഹർത്താലാഹ്വാനം നിരാകരിച്ച് കടകൾ തുറക്കാനൊരുങ്ങിയവർ പിടിച്ചുനിൽക്കാനാവാതെ ആ ശ്രമത്തിൽ നിന്നു പിന്തിരിയേണ്ടിവന്നു. തുറന്നുവച്ച കടകൾ ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പല കടകൾക്കും കേടുപാടുകൾ വരുത്തി. വാഹനങ്ങൾക്കു നേരെയും ആക്രമണം നടന്നു. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നു. ഭീതിയും അങ്കലാപ്പും സൃഷ്ടിച്ച് അക്ഷരാർത്ഥത്തിൽ ജനങ്ങളെ ഒരു പകൽ മുഴുവൻ മുൾമുനയിൽ നിറുത്തി.
ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതുവഴിയുണ്ടായ ആചാരലംഘനത്തിൽ പ്രതിഷേധിക്കാനാണ് കർമ്മസമിതി ഹർത്താലിന് ആഹ്വാനം പുറപ്പെടുവിച്ചത്. പതിവുപോലെ ബി.ജെ.പി അത് ഏറ്റെടുക്കുകയും ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏഴാമത്തെ ഹർത്താലാണിത്. ഇത്തരത്തിൽ അടിക്കടി ഹർത്താൽ നടത്തി ജനങ്ങളെ കഷ്ടത്തിലാക്കുന്നതിൽ ഒരുവിധ പാപബോധവും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ വലിയ വർത്തമാനങ്ങൾ പറയുന്നവർക്ക് തോന്നാത്തത് സാധാരണ ജനങ്ങളെക്കുറിച്ച് അവർക്ക് തെല്ലുപോലും ചിന്തയില്ലെന്നതിന്റെ തെളിവാണ്. സംസ്ഥാനത്ത് ശബരിമല വിശ്വാസികൾ മാത്രമല്ല ഉള്ളതെന്ന വസ്തുത അവർ മറക്കുന്നു. ആഴ്ച തോറും ഹർത്താൽ നടത്തി ജനജീവിതം ഇത്തരത്തിൽ ദുരിതമയമാക്കുന്നതിലൂടെ യഥാർത്ഥത്തിൽ എന്തു പുണ്യമാണ് അവർ നേടുന്നത്. സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാത്ത പാവങ്ങൾ ഹർത്താൽ ദിനങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന പങ്കപ്പാടുകളെക്കുറിച്ച് ഇവർക്ക് വല്ല ബോധവുമുണ്ടോ? ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തിപ്പെടുന്ന യാത്രക്കാർ ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ വലയുന്ന ദയനീയ കാഴ്ചയും അവർ കാണാറില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിക്ക് സംസ്ഥാന സർക്കാരാണ് കാരണക്കാർ എന്ന മട്ടിൽ പ്രക്ഷോഭം കൊഴുപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഇതിനകം തിരിച്ചറിഞ്ഞതാണ്. സർക്കാരിനെതിരെ മാത്രമല്ല, കോടതി വിധിക്കെതിരെയും പ്രക്ഷോഭം നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. അതേസമയം ഒരേ വിഷയത്തിൽ കൂടക്കൂടെ സർവതും സ്തംഭിപ്പിക്കുന്ന ഹർത്താൽ നടത്തി പൗരജീവിതം അലങ്കോലമാക്കാൻ തുനിയുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. രണ്ട് യുവതികൾ മലകയറിയെന്ന വാർത്ത പുറത്തുവന്ന സമയം മുതൽ തെരുവിൽ നടന്ന അക്രമങ്ങൾക്കും ഉണ്ടായ പൊതു - സ്വകാര്യ മുതലിന്റെ നാശത്തിനും ആരു സമാധാനം പറയും? പന്തളത്ത് സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിൽ ഒരു പാവം മനുഷ്യന് ജീവൻ നഷ്ടമായി. ഹർത്താലുകാർക്ക് ഒരു രക്തസാക്ഷിയെ ലഭിച്ചെങ്കിലും മരിച്ച ആളുടെ കുടുംബത്തിനുണ്ടായ നഷ്ടം ആരു നികത്തും? ഇതുപോലെ അപ്രതീക്ഷിതമായ ആഘാതങ്ങൾ നേരിടേണ്ടിവരുന്ന എത്രയോ കുടുംബങ്ങൾ ഹർത്താൽ ദിനത്തിന്റെ ദുരന്തങ്ങൾ പേറി ഇവിടെ ഉണ്ട്.
നിയമവും നീതിയും കോടതിയുമൊന്നും തെരുവിലെ ആൾക്കൂട്ടങ്ങൾക്കു പ്രശ്നമേയല്ല. അവിടെ അവർ നടപ്പാക്കാറുള്ളത് സ്വന്തം വിധി തീർപ്പുകളാണ്. കേരളം രണ്ടുദിവസമായി കണ്ടുകൊണ്ടിരിക്കുന്നത് ഇതാണ്. എതിർക്കുന്നവരെ കായികമായി നേരിട്ടും തുറന്നുവച്ച കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചും വാഹനങ്ങൾ തല്ലിത്തകർത്തും നിയമത്തെ സദാ വെല്ലുവിളിക്കുന്ന ഇവർ വിശ്വാസ സംരക്ഷണാർത്ഥമാണ് ഈ കാടൻ മുറകൾക്കു തുനിയുന്നതെന്നത് വിരോധാഭാസമായി തോന്നാം. തെരുവിൽ കലാപം അഴിച്ചുവിട്ട് പരിഹാരം കാണേണ്ട വിഷയമല്ല ശബരിമലയിലേത്. സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി മുമ്പാകെ കിടക്കുകയാണ്. ഈ മാസം 22-ന് അതു പരിഗണനയ്ക്കെടുക്കും. അന്തിമ വിധിക്കായി കാത്തുനില്ക്കാനുള്ള ക്ഷമയാണു കാണിക്കേണ്ടിയിരുന്നത്.