തിരുവനന്തപുരം: വ്യക്തിപരമായി ജാതീയത പറഞ്ഞ് അധിക്ഷേപിക്കുന്നത് ഒരു പുതിയ വിദ്യയായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി. 'ഇതിലും ഭേദം പിണറായി വിജയൻ തെങ്ങു കയറാൻ പോകുന്നതാണ്' എന്ന ബി.ജെ.പി നേതാവ് ശിവരാജന്റെ അധിക്ഷേപം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.
'ഒരു ജാതിയിലാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് പുതിയ വിദ്യ. ചാതുർവർണ്യ കാലത്ത് ഇന്ന
ജാതിയിൽപ്പെട്ടവർ ഇന്ന തൊഴിലേ ചെയ്യാവൂ എന്നുണ്ടായിരുന്നു. എന്റെ അച്ഛൻ ചെത്തു തൊഴിലാളിയായിരുന്നു. സഹോദരങ്ങളും അതേ തൊഴിലെടുത്ത് ജീവിച്ചിട്ടുണ്ട്. അപ്പോൾപ്പിന്നെ വിജയനും അതേ ചെയ്യാവൂ എന്നായിരിക്കും. അതല്ലല്ലോ ഇന്നത്തെ കാലം. കാലം മാറിയില്ലേ'- ചിരിയോടെ പിണറായി പറഞ്ഞു.
ഹർത്താലിനും കടകൾ തുറക്കുമെന്നുള്ള വ്യാപാരികളുടെ നിലപാട് മാതൃകാപരമാണ്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ഉറപ്പാക്കും. ഒറ്റപ്പെട്ട സംഘർഷങ്ങൾ ചിലേടങ്ങളിൽ ഉണ്ടായിട്ടുണ്ട്. പൊലീസിന് സമയത്തിന് അവിടെ എത്താനാവാതിരുന്നതിന്റെ പ്രശ്നമാണ്.
പന്തളത്ത് ദിവസം ശബരിമല കർമ്മസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം മൂലമാണ്. സംഘർഷത്തിൽ പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ എന്നയാളെ ആശുപത്രിയിലാക്കിയെങ്കിലും ഹൃദയാഘാതം കാരണം മരണപ്പെടുകയായിരുന്നു.
ശബരിമലയിൽ യുവതികൾ ദർശനം നടത്തി മടങ്ങിയ ശേഷമാണ് താനും വിവരമറിഞ്ഞതെന്നും, വാർത്തകൾ കണ്ടപ്പോഴാണ് അവർ ആരാണെന്ന് തിരിച്ചറിഞ്ഞതെന്നും ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
വിശ്വാസം തകർക്കാൻ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയല്ല താനെന്നും മറിച്ചാണെന്ന തരത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞത് തന്നെ ബാധിക്കുന്നതല്ലെന്നും പിണറായി വിശദീകരിച്ചു.