തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ നാലു വോട്ടിനു വേണ്ടിയുള്ള തറപ്പണി നിറുത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും മതിൽകെട്ടാൻ പോയ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ യു.ഡി.എഫ് നിയമനടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓർത്തഡോക്സ് പള്ളി കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ രണ്ട് കൂട്ടർക്കും യോജിച്ച തീർപ്പുണ്ടാക്കാൻ കാബിനറ്റ് സബ് കമ്മിറ്റിയെ നിയമിച്ച സർക്കാർ അതേ സമീപനം എന്തുകൊണ്ട് ശബരിമല വിഷയത്തിൽ സ്വീകരിക്കുന്നില്ല? ഇരുമുടിക്കെട്ടും നെയ്‌ത്തേങ്ങയും ഭക്തിയുമില്ലാതെ വന്ന രണ്ട് വനിതാ ആക്ടിവിസ്റ്രുകളെ ട്രാൻസ്ജെൻഡേഴ്സിന്റെ ലേബലിൽ ശബരിമലയിൽ എത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമാണ്. ശിവഗിരി തീർത്ഥാടനം പോലും തടസപ്പെടുത്തി സൃഷ്ടിച്ച മതിലും കള്ളന്മാരെപ്പോലെ അർദ്ധരാത്രി യുവതികളെ ശബരിമലയിൽ എത്തിച്ചതും ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത തരംതാണ പ്രവൃത്തിയാണ്.
ആചാര ലംഘനത്തിന്റെ പേരിൽ തന്ത്രിക്ക് നട അടച്ചിടാമായിരുന്നു. ബി.ജെ.പി ആഗ്രഹിച്ചത് അതാണ്. പക്ഷേ, തന്ത്രി അനുവദിച്ചില്ല. തന്ത്രിയുടെ തീരുമാനം നൂറ് ശതമാനം ഉചിതമാണ്. അയ്യപ്പനോടും ഭക്തജനങ്ങളോടും അദ്ദേഹം നീതി കാട്ടി. തന്ത്രിയെ ഭീഷണിപ്പെടുത്തി സി.പി.എമ്മിന് ഇഷ്ടമുള്ള തന്ത്രിയെ കൊണ്ടുവന്ന് പൂജ നടത്താമെന്ന് പിണറായി കരുതേണ്ട. തല കുത്തിനിന്നാലും അതു നടക്കില്ല. ജില്ലാ വികസന യോഗത്തിൽ പങ്കെടുക്കാത്ത കളക്ടറാണ് വൃന്ദാ കാരാട്ടിനൊപ്പം മതിലുകെട്ടാൻ പോയതെന്നും മുരളീധരൻ പറഞ്ഞു.